India National

പൗരത്വ ഭേദഗതി ബില്‍; രാജ്യസഭ കണ്ടത് ചൂടേറിയ ചര്‍ച്ച

പൌരത്വ ഭേദഗതി ബില്ലില്‍ ചൂടേറിയ ചര്‍ച്ചയാണ് രാജ്യസഭയില്‍ അരങ്ങേറിയത്. ബില്ല് മനുഷ്യത്വ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ജര്‍മനിയില്‍ നാസികള്‍ പാസ്സാക്കിയ ബില്ലിന് സമാനമാണ് കേന്ദ്രം അവതരിപ്പിച്ച ബില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ചരിത്രപരമായ തെറ്റ് തിരുത്തുകയാണെന്നായിരുന്നു അമിത് ഷായുടെ മറുപടി.

ലോക്സഭയില്‍ നിന്ന് വ്യത്യസ്തമായി ചൂടേറിയ വാഗ്വാദങ്ങള്‍ക്കാണ് രാജ്യസഭ സാക്ഷ്യം വഹിച്ചത്. ഭരണഘടന ഉറപ്പുനല്‍കുന്ന മൌലികാവകാശങ്ങള്‍ റദ്ദ് ചെയ്യുന്ന ബില്ലാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രകടന പത്രികയല്ല, ഭരണഘടനയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കേണ്ടതെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. പൌരത്വ ഭേദഗതി ബില്ലിലൂടെ രാജ്യത്തെ വിഭജിക്കാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍. ഇന്ത്യയുടെ ഭരണഘടന മനുസ്മൃതിയല്ലെന്ന് സി.പി.എം അംഗം കെ.കെ രാഗേഷ് വ്യക്തമാക്കി.

ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കുന്ന ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. ഇന്ത്യയിലെ മുസ്‍ലിംകള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നായിരുന്നു അമിത് ഷായുടെ മറുപടി. ഈ രാജ്യത്തെ മുസ്‍ലിംകള്‍ക്ക് അമിത്ഷായെ ഒരു ഭയവുമില്ലെന്ന് കപില്‍ സിബല്‍ തിരിച്ചടിച്ചു. ഇത് ജനാധിപത്യ റിപബ്ലിക്കാണ്. അല്ലാതെ രണ്ട് ദിനോസറുകള്‍ മാത്രം വാഴുന്ന ജുറാസിക് റിപബ്ലിക്കല്ലെന്നും കബില്‍ സിബല്‍ തുറന്നടിച്ചു