India

രജനികാന്തിനെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി: ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർ

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ രജനികാന്തിനെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. തലവേദനയെ തുടർന്ന് ഇന്നലെയാണ് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ രജനികാന്തിനെ പ്രവേശിപ്പിച്ചത്. രജനികാന്തിനെ പരിശോധിച്ച ഡോക്ടർമാർ അദ്ദേഹത്തെ കരോറ്റിഡ് ആർട്ടറി റിവാസ്‌കുലറൈസേഷന് വിധേയനാക്കാൻ നിർദ്ദേശിക്കുകയായിരുന്നു. കാവേരി ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം അറിയിച്ചത്.

രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷം അദ്ദേഹം ആശുപത്രി വിടും. എംആർഐ സ്‌കാനിങ്ങിൽ രക്തക്കുഴലുകൾക്ക് നേരിയ പ്രശ്‌നം കണ്ടെത്തിയതോടെയാണ് നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ശസ്ത്രക്രിയ വിജയകരമായെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

രക്തസമ്മർദ്ദം കൂടിയതാണ് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായതെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ അരവിന്ദൻ സെൽവരാജ് അറിയിച്ചു. അതേസമയം സൂപ്പർസ്റ്റാർ രജനീകാന്തിനെ പ്രവേശിപ്പിച്ച ചെന്നൈയിലെ കാവേരി ആശുപത്രിക്ക് മുൻപിൽ സുരക്ഷയ്ക്കായി 30 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ആശുപത്രിയിലേക്ക് ആരാധകർ തള്ളിക്കയറുന്നത് തടയാനാണ് നടപടി. ആശുപത്രിയിൽ എത്തുന്ന എല്ലാവരെയും സുരക്ഷാ പരിശോധനകൾക്കുശേഷമാണ് അകത്തേയ്ക്ക് പ്രവേശിപ്പിക്കുന്നത്. രണ്ട് എസ്‌ഐമാർ, നാല് വനിതാ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.