India National

രാജ്‌നാഥ് സിങിനെ നാല് ഉപസമിതികളില്‍ കൂടി അംഗമാക്കി

കാബിനറ്റ് സമിതികളിൽ നിന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങിനെ ഒഴിവാക്കിയ നടപടി തിരുത്തേണ്ടി വന്നത് മോദി – അമിത് ഷാ കൂട്ടുകെട്ടിന് തിരിച്ചടി. ആഭ്യന്തര മന്ത്രി അമിത് ഷാക്ക് പ്രാധാന്യം നൽകിയുള്ള പുനസംഘടന സർക്കാരിലെ മോദി – ഷാ കൂട്ടുകെട്ടിന്റെ ശക്തിയായാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ ആദ്യഘട്ടത്തിൽ തന്നെ ഉയർന്ന ആർ.എസ്.എസ് സമ്മർദ്ദം നീക്കം പരാജയപ്പെടുത്തി.

എട്ട് സുപ്രധാന കാബിനറ്റ് ഉപസമിതികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുന:സംഘടിപ്പിച്ചത്. ആഭ്യന്തര മന്ത്രിയും പാർട്ടി അധ്യക്ഷനുമായ അമിത് ഷാക്ക് പ്രാധാന്യം നൽകുന്ന രീതിയിലായിരുന്നു സമിതികൾ. എല്ലാ സമിതികളിലും അംഗമായ അമിത് ഷാ രണ്ട് സമിതികളുടെ അധ്യക്ഷനുമായി. ഏഴ് എണ്ണത്തിൽ ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെട്ടു. അപ്പോഴും പാർട്ടിയിലെ മുതിർന്ന നേതാവും മന്ത്രിസഭയിലെ രണ്ടാമനുമായ പ്രതിരോധ മന്ത്രി രാജ്നാഥ് സിങിനെ ഉൾപ്പെടുത്തിയത് സുരക്ഷ, സാമ്പത്തികം എന്നീ സമിതികളിൽ മാത്രം. ഇതോടെയാണ് അതൃപ്തി ഉടലെടുത്തത്.

അമിത് ഷായെ മന്ത്രിസഭയിലെ രണ്ടാമനായുള്ള അധികാരകേന്ദ്രം ആക്കുന്നതാണ് നീക്കമെന്നും സുപ്രധാന രാഷ്ട്രീയ കാര്യ സമിതിയിൽ പ്രതിരോധമന്ത്രി ഉണ്ടാകുന്നത് കീഴ്‍വഴക്കമാണെന്നും വിമർശമുയർന്നു. ആർ.എസ്.എസ് സമ്മർദം ശക്തമായതോടെയാണ് തീരുമാനം മാറ്റേണ്ടി വന്നത്. പാർലമെന്‍ററികാര്യം, രാഷ്ട്രീയകാര്യം, നിക്ഷേപം, തൊഴിൽ എന്നീ സമിതികളിൽ കൂടി രാജ്നാഥ് സിങിനെ ഉൾപ്പെടുത്തി. ആദ്യ ഘട്ടത്തിൽ ഉണ്ടായ അതൃപ്തിയെ തുടർന്ന് രാജ്നാഥ് സിങ് രാജി സന്നദ്ധത അറിയിച്ചെന്ന റിപ്പോർട്ട് വന്നിരുന്നെങ്കിലും പാർട്ടി തള്ളി.