India National

തെരഞ്ഞെടുപ്പ് തോല്‍വി സാധാരണം, രാജ്യത്തെ മൂല്യങ്ങൾ ഇല്ലാതാക്കുന്നവർക്കെതിരെ പോരാടണമെന്ന് സോണിയാ ഗാന്ധി

പി.ചിദംബരത്തിന്റെ അറസ്റ്റിന് പിന്നാലെ മോദി സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയിട്ടും രാജീവ് ഗാന്ധി ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനോ വ്യക്തിസ്വാതന്ത്ര്യം നശിപ്പിക്കാനോ അധികാരം ഉപയോഗിച്ചില്ല. തെരഞ്ഞെടുപ്പ് തോല്‍വി സാധാരണമാണെന്നും രാജ്യത്തെ മൂല്യങ്ങൾ ഇല്ലാതാക്കുന്നവർക്കെതിരെ പോരാടണമെന്നും സോണിയാ ഗാന്ധി പറഞ്ഞു.

രാജീവ് ഗാന്ധിയുടെ 75ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി സംഘടിപ്പിച്ച പരിപാടിയിലാണ് മോദി സര്‍ക്കാരിനെ പരോക്ഷമായി സോണിയ ഗാന്ധി വിമര്‍ശിച്ചത്. 1984ല്‍ ഭൂരിപക്ഷത്തോടെയാണ് രാജീവ് ഗാന്ധി അധികാരത്തിൽ എത്തിയത്. അധികാരം ഉപയോഗിച്ച് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയോ വ്യക്തിസ്വാതന്ത്ര്യം നശിപ്പിക്കുകയോ ജനാധിപത്യ മൂല്യങ്ങളെ നശിപ്പിക്കുകയോ ചെയ്തില്ല.

തെരഞ്ഞെടുപ്പ് തോൽവി സാധാരണമാണെന്നും രാജ്യത്തെ മൂല്യങ്ങൾ ഇല്ലാതാക്കുന്നവർക്കെതിരെ ശക്തമായി പോരാടുകയാണ് വേണ്ടെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു. രാജീവ് ഗാന്ധിയുടെ 75ാം ജന്മ ദിനാഘോഷത്തോട് അനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് കോണ്‍ഗ്രസ് തയ്യാറാക്കിയിട്ടുള്ളത്.