ബാബരി ഭൂമി തര്‍ക്ക കേസിലെ സുപ്രീംകോടതി വിധിയില്‍ അഭിഭാഷകനായി രാജീവ് ധവാന് തന്നെ തുടരുമെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് (എ.ഐ.എം.പി.എല്‍.ബി). പുനഃപരിശോധനാഹരജി സമര്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള നിയമ പോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് പറഞ്ഞു.
ജംഇയ്യതുല്‍ ഉലമായേ ഹിന്ദ് തങ്ങളുടെ അഭിഭാഷകനായ രാജീവ് ധവാനെ പുനഃപരിശോധന ഹരജി സമര്‍പ്പിക്കുന്നതുള്‍പ്പെടെ ബാബരി കേസ് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് നീക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അഭിഭാഷകനായി രാജീവ് ധവാന് തന്നെ തുടരുമെന്ന വിശദീകരണവുമായി എ.ഐ.എം.പി.എല്‍.ബി സെക്രട്ടറി മൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി രംഗത്തു വന്നത്.
”രാജീവ് ധവാന് എന്നും ഐക്യത്തിന്റെയും നീതിയുടെയും അടയാളമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലും മാര്‍ഗനിര്‍ദേശത്തിലും വ്യക്തിനിയമ ബോര്‍ഡ് പ്രവര്‍ത്തനം തുടരും.”മൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി പറഞ്ഞു.
ബാബരി ഭൂമി കേസില്‍ നിന്ന് തന്നെ ഒഴിവാക്കിയതായി ഫേസ്ബുക്കിലൂടെയാണ് രാജീവ് ധവാന് അറിയിച്ചത്. നടപടി അംഗീകരിച്ച് ഔദ്യോഗികമായി കത്തയച്ചിട്ടുണ്ടെന്നും കേസുമായോ പുനഃപരിശോധനാ അപേക്ഷയുമായോ ഇനി ബന്ധമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. അനാരോഗ്യം കാരണം കേസിന്റെ ചുമതലകളില്‍നിന്ന് നീക്കിയെന്നാണ് തന്നെ അറിയിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സുന്നി വഖഫ് ബോര്‍ഡിനും മറ്റ് മുസ്ലിം കക്ഷികള്‍ക്കും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായിരുന്നു അദ്ദേഹം.