തമിഴ്നാട്ടില് നിർണായക രാഷ്ട്രീയ നീക്കവുമായി നടൻ രജനീകാന്ത്. ജനനന്മയ്ക്ക് വേണ്ടി കമൽഹാസനുമായി രാഷ്ട്രീയമായി കൈകോർക്കുമെന്ന് താരം വ്യക്തമാക്കി. പ്രസ്താവനയെ കമൽ ഹാസനും സ്വാഗതം ചെയ്തു.
കമൽഹാസൻ സിനിമയിൽ ആറ് പതിറ്റാണ്ട് പൂർത്തീകരിച്ചതിന്റെ ആഘോഷവേളയിൽ, തമിഴ്നാട്ടിൽ അത്ഭുതം സംഭവിക്കുമെന്ന് രജനീകാന്ത് പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജനങ്ങൾക്കായി കമലുമായി കൈകോർക്കുമെന്ന പ്രഖ്യാപനം. നാടിന് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് കമൽഹാസനും പ്രതികരിച്ചു.
രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരുന്നെങ്കിലും പാർട്ടി രൂപീകരിച്ചിരുന്നില്ല. ലക്ഷ്യം 2021 ലെ തെരഞ്ഞെടുപ്പ് മാത്രമാണെന്നന്ന് താരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബി.ജെ.പിയ്ക്കും അണ്ണാ ഡി.എം.കെയ്ക്കും അനുകൂല നിലപാട് സ്വീകരിച്ചിരുന്ന രജനി, ദിവസങ്ങൾക്ക് മുൻപ് നിലപാട് മാറ്റി. തന്നെ കാവി പുതപ്പിയ്ക്കാനുള്ള ശ്രമം നടക്കില്ലെന്നായിരുന്നു അത്. കഴിഞ്ഞ ദിവസം കമലിനെ ആദരിയ്ക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയെ രജനികാന്ത് പരിഹസിച്ചിരുന്നു. എ.ഐ.എ.ഡി.എം.കെ മുഖപത്രമായ നമത് അമ്മ രജനികാന്തിനെ രൂക്ഷമായി വിമർശിയ്ക്കുകയും ചെയ്തു. ബസ് കണ്ടക്ടറായിരുന്ന രജനി സ്വപ്നം കണ്ടതല്ല സൂപ്പർ താര പദവിയെന്നായിരുന്നു വിമർശനം.