രാജസ്ഥാനില്‍ ആറ് ബി.എസ്‍.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതോടെ നിയമസഭയിലെ കോണ്‍ഗ്രസിന്റെ അംഗബലം 118 ആയി. മുഖ്യമന്ത്രി അശോക് ഗഹ്‍ലോട്ടാണ് എം.എല്‍.എമാരെ കോണ്‍ഗ്രസിലെത്തിച്ചത്.
രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ചര്‍ച്ചകളില്‍ ബി.എസ്.പിയുടെ 6 അടക്കം പുറത്തുനിന്നുള്ള എം.എല്‍.എമാരുടെ പിന്തുണ ചൂണ്ടിക്കാണിച്ചായിരുന്നു അശോക് ഗഹ്ലോട്ട് മുഖ്യമന്ത്രി പദം നേടിയത്. നിലവില്‍ ബി.എസ്.പിയുടെ 6 എംഎല്‍എമാരെയും സ്വന്തം പാളത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ഗഹ്ലോട്ട്.
എം.എല്‍.എമാരായ രാജേനദ്ര ഗുദ, ജോഗേന്ദ്ര സിങ് അവാന, ലഖന്‍ സിങ് മീണ, വാജിബ് അലി, സന്ദീപ് യാദവ്, ദീപ്ചന്ദ് ഖരിയ എന്നിവര്‍ സ്പീക്കര്‍ സി പി ജോഷിക്ക് കത്ത് കൈമാറിക്കഴിഞ്ഞു. ആറ് എം.എല്‍.എമാരെ കൂടി പരിഗണിച്ചുള്ള മന്ത്രിസഭ പുനഃസംഘടന ഉടനുണ്ടായേക്കും. ഇതോടെ സംസ്ഥാനത്ത് ബി.എസ്.പിക്ക് എം.എല്‍.എമാരും പ്രമുഖ്യനേതാക്കളും ഇല്ലാതാവുകയാണ്. അതേസമയം പി.സി.സിയിലെ ഗഹ്ലോട്ട് – സച്ചിന്‍ പൈലറ്റ് തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.
ക്രമസമാധാനപാലനത്തിലടക്കം സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ച് സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയിരുന്നു. തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ ഹൈക്കമാന്റ് തുടരുന്നുണ്ട്. ഇതിനിടെ കൂടുതല്‍ എം.എല്‍.എമാര്‍ കൂടി എത്തുന്നതോടെ ഗഹ്ലോട്ടിനുള്ള പിന്തുണ ഏറുകയാണ്.