കൊവിഡ് പോരാട്ടത്തിനു പിന്തുണയായി ഏഴരക്കോടി രൂപ സംഭാവന നൽകി ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ്. ഏകദേശം ഒരു മില്ല്യൺ ഡോളറിനു മുകളിലാണ് ഫ്രാഞ്ചൈസി നൽകിയ സംഭാവന. താരങ്ങളും മാനേജ്മെൻ്റും ഉടമകളും മറ്റ് സപ്പോർട്ട് സ്റ്റാഫുകളുമൊക്കെച്ചേർന്നാണ് പണം നൽകിയിരിക്കുന്നത്. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ രാജസ്ഥാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
അതേസമയം, ‘മിഷൻ ഓക്സിജൻ’പദ്ധതിയിലേക്ക് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ ഒരു കോടി രൂപ സംഭാവന നൽകി. രാജ്യത്തെ ആശുപത്രികളിൽ ഓക്സിജൻ സൗകര്യം ഒരുക്കുന്നതിനായി ഒരു കോടി രൂപ സംഭാവന നൽകുകയാണെന്ന് അദ്ദേഹം അറിയിച്ചു. പൗരന്മാരോട് ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് സംഭാവന നൽകിയ വിവരം അദ്ദേഹം അറിയിച്ചത്.
രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 3,79,257 പേർക്കാണ്. 3,645 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 2,69,507 പേർ രോഗമുക്തി നേടി.
ഇന്ത്യയിൽ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കൊവിഡ് കണക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 3,60,960 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെങ്കിൽ ഇന്നത് 3.79 ലക്ഷം കടന്നു. മരണ നിരക്കും ഉയർന്നു തന്നെയാണ്.
ഇതുവരെ 1,83,76,524 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,50,86,878 പേർ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് ആകെ മരണം 2,04,832 ആയി. നിലവിൽ 30,84,814 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.