സ്പീക്കറുടെ അധികാരത്തിൽ ഇടപെടാൻ കോടതിക്കുള്ള അധികാര പരിധി എത്ര എന്നതാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് പരിശോധിക്കുക
രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ സ്പീക്ക൪ സമ൪പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്പീക്കറുടെ അധികാരത്തിൽ ഇടപെടാൻ കോടതിക്കുള്ള അധികാര പരിധി എത്ര എന്നതാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് പരിശോധിക്കുക. അതിനിടെ നിയമസഭ സമ്മേളനം വിളിക്കാൻ അനുവദിക്കണമെന്ന് ആവിശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കുകയാണ്. സഭാസമ്മേളനം വിളിക്കാൻ ഗവ൪ണ൪ അനുവദിച്ചില്ലെങ്കിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിൽ പ്രതിഷേധിക്കാനാണ് കോൺഗ്രസ് ആലോചന.
ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സ്പീക്ക൪ നൽകിയ ഹരജിയിലാണ് നിയമപ്രശ്നം ആദ്യം പരിശോധിക്കണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഉത്തരവിട്ടത്. സ്പീക്കറുടെ നടപടികളിൽ ഇടപെടാൻ ഹൈകോടതിക്ക് അധികാരമില്ലെന്നായിരുന്നു ഹരജിയിലെ വാദം. ഇക്കാര്യത്തിലായിരിക്കും ഇന്ന് കോടതി വാദം കേൾക്കുക. അതിനിടെ നിയമസഭ സമ്മേളനം വിളിക്കണമെന്നാവിശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ചിട്ടുണ്ട്. ജൂലൈ 31ന് സമ്മേളനം വിളിക്കണം എന്നാവശ്യപ്പെട്ട് രാജസ്ഥാൻ കാബിനറ്റ് ഗവ൪ണ൪ക്ക് വീണ്ടും കത്ത് നൽകി. ഗവ൪ണ൪ അനുകൂലമായി പ്രതികരിച്ചില്ലെങ്കിൽ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് കോൺഗ്രസ് ആലോചിക്കുന്നത്.
പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിൽ പ്രതിഷേധിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. ഗവ൪ണറുടെ തീരുമാനം ചോദ്യംചെയ്ത് സുപ്രീം കോടതിയിൽ മറ്റൊരു ഹരജി കൂടി സമ൪പ്പിച്ചേക്കുമെന്നും റിപ്പോ൪ട്ടുകളുണ്ട്. രാജസ്ഥാൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് ബി.ജെ.പിക്കെതിരെ സ്പീക്ക് അപ്പ് ഫോർ ഡെമോക്രസി ഓൺലൈൻ ക്യാമ്പയിന് ഇന്നലെ തന്നെ തുടക്കം കുറിച്ചിരുന്നു. രാജ്ഭവനുകൾക്ക് മുമ്പിൽ പി.സി.സികളുടെ നേതൃത്വത്തിലും ഇന്ന് പ്രതിഷേധം അരങ്ങേറും.