India

നീലച്ചിത്ര നിര്‍മാണക്കേസ്; രാജ്കുന്ദ്രയ്ക്ക് ജാമ്യം

നീലച്ചിത്ര നിര്‍മാണക്കേസില്‍ വ്യവസായിയും ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ്കുന്ദ്രയ്ക്ക് ജാമ്യം. 50,000 രൂപ ജാമ്യബോണ്ട് കെട്ടിവയ്ക്കമെന്ന വ്യവസ്ഥയിലാണ് ജാമ്യം. കുന്ദ്രയുടെ സഹപ്രവര്‍ത്തകന്‍ റയാന്‍ തോര്‍പ്പിനും ജാമ്യം ലഭിച്ചു. മുംബൈ കോടതിയാണ് ജാമ്യം അനുവദിച്ചത്. raj kundra got bail

ജൂലൈ 19നാണ് രാജ്കുന്ദ്ര അറസ്റ്റിലാകുന്നത്. അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുകയും ആപ്പുകള്‍ വഴി പ്രസിദ്ധീകരിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകള്‍ മുംബൈ ക്രൈംബ്രാബ് പൊലീസ് കണ്ടുകെട്ടിയിരുന്നു. കാണ്‍പൂര്‍ കേന്ദ്രീകരിച്ചുള്ള ബാങ്കിലെ രണ്ട് അക്കൗണ്ടുകളാണ് കണ്ടുകെട്ടിയത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ഈ അക്കൗണ്ടുകളിലുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.

രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഉടമസ്ഥാവകാശവും, ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര നേരത്തെ വിവാദത്തില്‍ അകപ്പെട്ടിരുന്നു. 2004 ല്‍ സക്സസ് മാസിക പുറത്ത് വിട്ട ബ്രിട്ടിഷ് ഏഷ്യന്‍ ധനികരുടെ പട്ടികയില്‍ 198 ാം സ്ഥാനത്തായിരുന്നു രാജ് കുന്ദ്ര. ലണ്ടനില്‍ ജനിച്ച് വളര്‍ന്ന രാജ് കുന്ദ്ര 18ാം വയസിലാണ് ദുബായിലെത്തുന്നത്. പിന്നീട് നേപാളിലെത്തി പശ്മിന ഷാളുകളുടെ വ്യവസായം ആരംഭിക്കുകയും ബ്രിട്ടണിലെ ഭീമന്‍ ഫാഷന്‍ സംരംഭങ്ങള്‍ക്ക് വില്‍ക്കുകയും ചെയ്ത് വ്യവസായ രംഗത്ത് ദശലക്ഷങ്ങള്‍ കൊയ്തു.

2013ല്‍ എസന്‍ഷ്യല്‍ സ്പോര്‍ട്ട്സ് ആന്റ് മീഡിയ എന്ന സ്ഥാപനവും, സത്യുഗ് ഗോള്‍ഡ്, സൂപ്പര്‍ ഫൈറ്റ് ലീഗ്, ബാസ്റ്റ്യന്‍ ഹോസ്പിറ്റാലിറ്റി എന്നീ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ് കുന്ദ്രയും സഞ്ജയ് ദത്തും ചേര്‍ന്ന് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷ്ണല്‍ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്ട്സ് ഫൈറ്റിംഗ് ലീഗാണ് സൂപ്പര്‍ ഫൈറ്റ് ലീഗ്. 2012 ജനുവരി 16നായിരുന്നു ഉദ്ഘാടനം. സ്വഛ് ഭാരത് മിഷന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 2019 ല്‍ ചാമ്പ്യന്‍സ് ഓഫ് ചേഞ്ച് പുരസ്‌കാരം രാജ് കുന്ദ്രയ്ക്ക് ലഭിച്ചിട്ടുണ്ട്. ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്തതിന് ശേഷമാണ് രാജ് കുന്ദ്ര 2009 ല്‍ ശില്‍പ ഷെട്ടിയെ വിവാഹം ചെയ്യുന്നത്.