India

തമിഴ്നാടിന്റെ നാല് തീരദേശ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തമിഴ്നാടിന്റെ നാല് തീരദേശജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം ജില്ലകളിലാണ് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളത്. ചെന്നൈ ഉൾപ്പെടെയുള്ള മറ്റ് തീരദേശ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

ചെന്നൈയുടെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയുണ്ടായി. നഗരത്തിലെ പാടി, പുളിയന്തോപ്പ്, ടി നഗർ, കെകെ നഗർ തുടങ്ങിയ മേഖലകളിൽ രൂക്ഷമായ വെള്ളക്കെട്ട് തുടരുകയാണ്. തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പെടെ പത്ത് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആറ് ജില്ലകളിലെ സ്കൂളുകൾക്കും ഇന്നും അവധി പ്രഖ്യാപിച്ചു. പുതുച്ചേരിയിലും കാരയ്ക്കലിലും മഴ മുന്നറിയിപ്പ് തുടരുന്നുണ്ട്. ഇന്നും നാളെയും സംസ്ഥാനത്തെ മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.

ആന്ധ്രാപ്രദേശ് ഒരു മാസത്തിനിടെ രണ്ടാം പ്രളയ ഭീതിയിലാണ്. കടപ്പ, ചിറ്റൂർ ജില്ലകളിൽ ഇന്നലെ ശക്തമായ മഴയുണ്ടായി. തിരുപ്പതിയിലെ പല മേഖലകളിലും വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടു. തിരുപ്പതിയിലും ഇന്നലെ കനത്ത മഴ പെയ്തു. ദക്ഷിണ ആന്ധ്ര, രായലസീമ, യാനം മേകലകളിൽ അടുത്ത 48 മണിക്കൂറിൽ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിപ്പ്.