India

കനത്ത മഴയില്‍ തകര്‍ന്ന് കണ്ണൂരും പാലക്കാടും

മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴ കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയിൽ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ആറളം വനത്തിലും കേളകം അടക്കാത്തോട്ടിലും ഉരുൾപൊട്ടലുണ്ടായി. ബാവലിപ്പുഴയും ചീങ്കണ്ണി പുഴയും കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് നിരവധി കൃഷിയിടങ്ങൾ വെള്ളത്തിലായി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇന്നും യെല്ലോ അലർട്ട് തുടരുകയാണ്.മഴ ശക്തമായ ഇരിട്ടി താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. അടക്കാത്തോട് മുട്ടുമാറ്റിയിൽ ആന മതിൽ വീണ്ടും തകർന്നു. ചീങ്കണ്ണിപ്പുഴയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് ആറളം വന്യജീവി സങ്കേതത്തിന്റെ വളയഞ്ചാൽ ഓഫീസ് പരിസരം വെള്ളത്തിലായി.

മലയോര ഹൈവെയിൽ വെള്ളം കയറിയതിനെ തുടർന്ന് പലയിടത്തും ഗതാഗതം മുടങ്ങി. കൊട്ടിയൂർ – വയനാട് ചുരംറോഡിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

പാലക്കാട് ജില്ലയില്‍ വ്യാപക നാശനഷ്ടം

ശക്തമായ മഴയില്‍ പാലക്കാട് ജില്ലയിലും വ്യാപക നാശനഷ്ടം. രണ്ട് വീടുകൾക്ക് മുകളിലൂടെ മരം കടപുഴകി വീണു. ഇലക്ട്രിക് പോസ്റ്റുകള്‍ക്ക് മുകളിലൂടെ മരം വീണതോടെ വൈദ്യുതി ബന്ധവും തകരാറിലായി. അതേ സമയം കനത്ത മഴയെ തുടര്‍ന്ന് അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലെ പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക അവധി പ്രഖ്യാപിച്ചു. തൃത്താല മേഖലയിലാണ് ഏറ്റവും അധികം നാശനഷ്ടം ഉണ്ടായത്.

പരുതൂർ പാലത്തറയിൽ വീടിന് മുകളിലൂടെ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. കോട്ടപ്പാടം ഭീമനാടും വീടിന് മുകളിലൂടെ മരം കടപുഴകി വീണു. മരം വീണതിനാൽ പാലക്കാട് നഗരത്തിൽ ഉൾപ്പെടെ ഗതാഗത തടസം നേരിട്ടു. ഏറെ ശ്രമകരമായാണ് പല സ്ഥലത്തും ഗതാഗതം പൂർവ്വസ്ഥിതിയിലാക്കിയത്. ഇലക്ട്രിക് പോസ്റ്റിന് മുകളിലൂടെ മരം വീണ് വൈദ്യുതി ബന്ധവും തകരാറിലായി. തൃത്താല ഭാഗത്ത് ശക്തമായ കാറ്റാണ് അനുഭവപ്പെട്ടത്. അട്ടപ്പാടിയിൽ ഉൾപെടെ ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.