പ്രളയം തുടരുന്ന ബിഹാറിലും അസമിലും ചില പ്രദേശങ്ങളിൽ മഴ തുടരുന്നു. രണ്ട് ദിവസം കൂടി മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബിഹാറിലും അസമിലുമടക്കം മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 65 കവിഞ്ഞു.
മഴ നിലക്കാത്തത് പ്രളയത്തിൽ മുങ്ങിയ ബീഹാര്‍, ത്രിപുര, ഉത്തര്‍പ്രദേശിലെ ചില ഭാഗങ്ങള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ സ്ഥിതി അതീവ ഗുരുതരമാക്കി. അസമിൽ 33 ജില്ലകളിലായി 45 ലക്ഷം പേരെ പ്രളയം ബാധിച്ചതായാണ് സർക്കാറിന്റെ പ്രാഥമിക കണക്ക്. ദുരിതാശ്വാസ കാമ്പുകളിലേക്ക് ഭക്ഷണവും വെള്ളവും വസ്ത്രവും എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 251.55 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. കസിരംഗ ദേശീയ പാർക്കിന്റെ 90 ശതമാനവും വെള്ളത്തിനടിയിലാണ്. കണ്ടെത്തുന്ന മൃഗങ്ങളെ സംരക്ഷിക്കാൻ ശ്രമം തുടരുന്നുണ്ട്. ബിഹാറിൽ 12 ജില്ലകളിലായി 26 ലക്ഷം പേരെ പ്രളയം ബാധിച്ചു.
221 ദുരിതാശ്വാസ ക്യാമ്പുകളിലായി ആയി ഒരു ലക്ഷത്തോളം പേരാണ് കഴിയുന്നത്. എഴുന്നൂറോളം കമ്മ്യൂണിറ്റി കിച്ചണുകൾ തുറന്നിട്ടുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേത്യത്വലുള്ള സംഘം പ്രളയബാധിത പ്രദേശങ്ങളിലൂടെ ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തി. വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രളയബാധിത സംസ്ഥാനങ്ങളിൽ തുറന്ന എന്‍.ഡി.ആര്‍.എഫ് കൺട്രോൾ റൂമുകൾക്ക് പുറമെ ഡൽഹിയിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്.