ബെംഗളൂരുവില്‍ കനത്ത മഴയെ തുടര്‍ന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കോനപ്പന അഗ്രഹാര പ്രദേശത്ത് വെള്ളംകയറിയ വീട്ടില്‍ ഷോര്‍ട്ട് സര്‍ക്ക്യൂട്ടിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ വിവിധയിടങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കംപഗൗഡ വിമാനത്താവളത്തിന് പുറത്തുള്ള റോഡുകള്‍ വെള്ളത്തിനടിയിലായി. പാലസ് റോഡ്, ജയമഹല്‍ റോഡ്, ആര്‍ടി നഗര്‍ ഭാഗങ്ങള്‍, ഇന്ദിരാനഗര്‍, കെഐഎ എന്നിവ ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വസന്ത് നഗറിലെ ജെയിന്‍ ആശുപത്രിക്കു സമീപം മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.
മധ്യകിഴക്കന്‍ അറബിക്കടലിലെ ചക്രവാതചുഴിയുടെ സ്വാധീനത്തിലാണ് കേരളത്തിലുള്‍പ്പെടെ മഴ ശക്തമാകുന്നത്. നാളെയോടെ ചുഴലിക്കാറ്റ് ദുര്‍ബലമാകുകയും 15ാം തിയതിയോടെ വടക്കന്‍ ആന്ധ്രപ്രദേശ്, തെക്കന്‍ ഒഡിഷ തീരത്തേക്ക് നീങ്ങുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെംഗളൂരുവില്‍ ഈ മാസം 15വരെ മഴ തുടരും. വിവിധയിടങ്ങളില്‍ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.