കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന ബി.ജെ.പിയുടെ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധി രംഗത്തെത്തി. അമേഠിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനാണെന്ന് എല്ലാവക്കും അറിയാവുന്ന കാര്യമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
‘രാഹുല്‍ ഒരു ഹിന്ദുസ്ഥാനിയാണെന്നും ഇവിടെയാണ് ജനിച്ചു വളര്‍ന്നതെന്നും എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ഇത്തരമൊരു അസംബന്ധം കേട്ടിട്ടേയില്ല’ – പ്രിയങ്ക ഗാന്ധി പറഞ്ഞു. നാലാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷമാണ് രാഹുലിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടിസ് അയച്ചത്. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമിയുടെ പരാതിയില്‍ 15ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് രാഹുല്‍ ഗാന്ധിയോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ ഗാന്ധിക്കെതിരെ ഇത്തരമൊരു നോട്ടീസ് അയച്ചത് ആയുധമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ നോട്ടീസ് അയച്ചതിന് പിന്നില്‍ രാഷ്ട്രീയ താല്പര്യം ഇല്ലെന്നും, ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അവരുടെ ജോലി ചെയ്യുകയാണെന്നുമായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ മറുപടി.