India

കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച്‌ രാഹുലും പ്രിയങ്കയും മടങ്ങി

ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച്‌ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മടങ്ങി. കൊല്ലപ്പെട്ട കർഷകൻ ലവ് പ്രീത് സിംഗിന്റെ വീട്ടിൽ അരമണിക്കൂറോളം നേരം സന്ദർശനം നടത്തി. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍സിങ് ചന്നി, ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നു.(Rahul Gandhi)

തടസങ്ങളെ പ്രതിഷേധം കൊണ്ട് നേരിട്ട് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സ്ഥലത്തെത്തിയത്. പാലിയയിലെ നോവാ ഗ്രാമത്തിലെ കര്‍ഷകരുടെ വീടുകളിലെത്തി സന്ദര്‍ശിക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് പൊലിസിന്റെ കരുതല്‍ തടങ്കലില്‍ നിന്ന് വിട്ടയച്ച പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുല്‍ ലഖിംപൂരിലെത്തിയത്. ഇരുവർക്കും ലഖിംപൂർ സന്ദർശിക്കാൻ യുപി സർക്കാർ ഇന്നാണ് അനുമതി നൽകിയത്. നേരത്തേ ഇരുവർക്കും അനുമതി നിഷേധിച്ച യുപി സർക്കാർ അവസാനം സമ്മർദ്ദങ്ങൾക്ക് വഴങ്ങുകയായിരുന്നു. വിമാന മാർഗം ലഖ്നൗവിൽ എത്തിയ ശേഷം ലഖീംപൂരിലേക്ക് റോഡ് വഴിയായിരുന്നു യാത്ര.

അനുമതി നിഷേധിച്ചാലും കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ കാണാൻ ലഖിംപൂരിലേക്ക് പോകുമെന്ന് രാഹുൽഗാന്ധി നേരത്തേ അറിയിച്ചിരുന്നു. കർഷകർക്കെതിരെ രാജ്യത്ത് വ്യവസ്ഥാപിതമായ ആക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.