India National

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് രാഹുല്‍ ആരോപിച്ചു. ജനങ്ങൾക്കിത് മനസിലായിട്ടുണ്ട്. ബി.ജെ.പി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നത് ഉറപ്പാണ്. കാവല്‍ക്കാരന്‍ കള്ളനാണെന്ന പരാമര്‍ശത്തില്‍, കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ പ്രസ്താവന നടത്തിയതിനാണ് ഖേദം പ്രകടിപ്പിച്ചതെന്നും രാഹുല്‍ വ്യക്തമാക്കി. മോദിയെ പരാജയപ്പെടുത്തലും രാജ്യത്തെ രക്ഷിക്കലുമാണ് പ്രധാന ‌അജണ്ട. മികച്ച ട്രാക് റെക്കോഡാണ് സൈന്യത്തിനുള്ളത്. മോദിക്ക് രാജ്യത്തിനായി ഒന്നും വാഗ്ദാനം ചെയ്യാനില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.

യു.പി.എ കാലത്തെ മിന്നലാക്രമണത്തെ പരിഹസിച്ച മോദിക്ക് രാഹുല്‍ മറുപടി നല്‍കി. യു.പി.എ കാലത്ത് സൈന്യമാണ് സർജിക്കൽ സ്ട്രൈക്ക് നടത്തിയത്, കോൺഗ്രസല്ല. മോദി പരിഹസിക്കുന്നത് കോണ്‍ഗ്രസിനെയല്ല, സൈന്യത്തെയാണെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് മിന്നലാക്രമണല്ല, വിഡിയോ ഗെയിം കളിക്കുകയായിരുന്നുവെന്നായിരുന്നു മോദിയുടെ പരിഹാസം. സൈന്യം മോദിയുടെ സ്വകാര്യ സ്വത്താണെന്ന് കരുതരുത്. കോണ്‍ഗ്രസ് സൈന്യത്തെ രാഷ്ട്രീയവത്കരിക്കുകയില്ല. സൈന്യം രാജ്യത്തിൻറേതാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ന്യായ് സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയാണ്. തൊഴിലില്ലായ്മയാണ് ഏറ്റവും വലിയ വിഷയം. തെഴിലില്ലായ്മയെക്കുറിച്ച് മോദി ഒന്നും പറയുന്നില്ല. ഒരു പദ്ധതിയും കൈയ്യിലില്ല. ആദ്യ ഘട്ടങ്ങൾ കഴിഞ്ഞപ്പോൾ ബി.ജെ.പി പരാജയപ്പെടുമെന്ന് ഉറപ്പായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.