India National

“ആവശ്യമുള്ളവർക്കെല്ലാം വാക്സിൻ ലഭ്യമാക്കുക”: പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആവശ്യമുള്ളവർക്കെല്ലാം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്. വാക്സിൻ കയറ്റുമതി ഉടൻ നിർത്തിവെക്കണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങൾ വാക്സിൻ ദൗർലഭ്യതയുണ്ടെന്ന് പരാതി ഉയർത്തുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ കത്ത്.

വാക്സിന്റെ വിതരണത്തിലും സംഭരണത്തിലും സംസ്ഥാനങ്ങൾക്ക് കൂടുതൽ പങ്കാളിത്തം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ മോശം നിർവഹണവും നോട്ടപ്പിഴയും ശാസ്ത്ര സമൂഹത്തിന്റെയും വാക്സിൻ നിർമാതാക്കളുടെയും ശ്രമങ്ങൾ ദുർബലമാക്കുകയാണെന്നും രാഹുൽ കത്തിൽ പറയുന്നു. വാക്സിൻ ശേഖരണം പരിമിതമായതിനാൽ വിതരണം മുന്ഗണനാക്രമത്തിൽ വിതരണം ചെയ്യേണ്ടതുണ്ടെന്നും ചിലർ ഇതിൽ രാഷ്ട്രീയം കളിക്കുകയാണെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

വാക്സിന്റെ വൻതോതിലുള്ള കയറ്റുമതിക്ക് അനുമതി നൽകിയ കേന്ദ്ര നിലപാടിനെ രാഹുൽ രൂക്ഷമായി വിമർശിച്ചു. “രാജ്യം വാക്സിൻ ക്ഷാമം നേരിടുമ്പോൾ ആറു കോടിയിലധികം വാക്സിനുകൾ കയറ്റി അയച്ചു”- അദ്ദേഹം പറഞ്ഞു.