വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മനോഹര്‍ പരീക്കറുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച യാതൊരു വിവരവും പുറത്ത് പറഞ്ഞിട്ടില്ല. യാതൊരു രാഷ്ട്രീയ ഉദ്ദേശവുമില്ലാതെയാണ് കാണാന്‍ എത്തിയെതെന്നും പരീക്കര്ക്കെഴുതിയ കത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. റഫാല്‍ കരാറില്‍ മോദി മാറ്റം വരുത്തിയത് തന്നോട് ആലോചിക്കാതെയാണെന്ന് പരീക്കര്‍ വെളിപ്പെടുത്തിയെന്ന രാഹുലിന്റെ പ്രസംഗത്തിന് പിന്നാലെയാണ് കത്ത്.
കഴിഞ്ഞ ദിവസം മനോഹര്‍ പരീക്കറുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അക്കാര്യം പരാമര്‍ശിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ റഫാല്‍ കരാറില്‍ മോദി മാറ്റം വരുത്തിയത് പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ അറിയാതെയാണെന്നും അത് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ പറയുകയുണ്ടായി ഇതാണ് പിന്നീട് വലിയ വിവാദത്തിലേക്ക് വഴിവെച്ചത്.
മനോഹര്‍ പരീക്കറുമായി നടത്തിയ കൂടിക്കാഴ്ചയിലെ വിവരങ്ങളാണ് രാഹുല്‍ പുറത്ത് പറഞ്ഞതെന്ന് വ്യാഖാനിക്കപ്പെട്ടതോടെ മനോഹര്‍ പരീക്കര്‍ പ്രതികരിച്ചു. റഫാല്‍ കരാര്‍ സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി യാതൊന്നും സംസാരിച്ചിട്ടില്ലെന്നും. സുഖവിവരം അറിയാന്‍ നടത്തിയ സന്ദര്‍ശനത്തെ രാഷ്ട്രീയവല്‍ക്കരിച്ചതില്‍ വിഷമമുണ്ടെന്നും ഗോവ മുഖ്യമന്ത്രി രാഹുലിന് കത്തെഴുതി. പിന്നാലെ അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കളും വിമര്‍ശനവുമായി രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ വിശദീകരണം. ഞാന്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് അങ്ങ് വലിയ സമ്മര്‍ദ്ദത്തിലാണെന്ന് അറിയാമെന്നും സുഖ വിവരം അറിയാന്‍ മാത്രമാണ് സന്ദര്‍ശിച്ചതെന്നും രാഹുല്‍ പരീക്കറിനെതിഴുതിയ കത്തില്‍ കുറിച്ചു. പ്രസംഗത്തില്‍ പറഞ്ഞത് നേരത്തെ പൊതുജനമധ്യത്തിലുള്ള കാര്യമാണ്. താങ്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ ഒരു വിവരവും പുറത്ത് പറഞ്ഞിട്ടില്ലെന്നും രാഹുല്‍ വ്യക്തമാക്കി.