India

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുല്‍ ഗാന്ധി പഞ്ചാബില്‍; സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചു

അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി പഞ്ചാബ് സന്ദര്‍ശനത്തില്‍. കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുപരിപാടികളില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചു. പഞ്ചാബ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമൊപ്പമാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയത്. ശ്രീഹര്‍മന്ദിര്‍ സാഹിബിലെത്തിയാണ് രാഹുല്‍ ഭക്ഷണം കഴിച്ചത്. മുഖ്യമന്ത്രി ചരണ്‍ജീത് സിംഗ് ഛന്നിയും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവും രാഹുല്‍ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.

പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന വിഡിയോയും രാഹുല്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ശ്രീഹര്‍മന്ദിര്‍ സാഹിബിലെത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കൊപ്പം താന്‍ പ്രാര്‍ഥിച്ചു എന്ന ക്യാപ്ഷനോടെയാണ് രാഹുല്‍ ചിത്രം പങ്കുവെച്ചത്. നവി സോച്ച് നവ പഞ്ചാബ് എന്ന പേരില്‍ കോണ്‍ഗ്രസ് ജലന്ദറില്‍ സംഘടിപ്പിക്കുന്ന വിര്‍ച്വല്‍ റാലിയിലും രാഹുല്‍ പങ്കെടുക്കും. കോണ്‍ഗ്രസ് നേതാക്കളോടൊപ്പം അദ്ദേഹം ജാലിയന്‍ വാലാബാഗും സന്ദര്‍ശിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ റാലികള്‍ തടഞ്ഞതിനുശേഷം ഇതാദ്യമായാണ് രാഹുല്‍ ഗാന്ധി പഞ്ചാബിലെത്തുന്നത്. പഞ്ചാബില്‍ ഫെബ്രുവരി 20നാണ് വോട്ടെടുപ്പ് നടക്കുന്നത്. ടൈംസ് നൗ-വീറ്റോ നടത്തിയ പ്രീപോള്‍ സര്‍വേ ഫലം പ്രകാരം വ്യക്തമായ ഭൂരിപക്ഷമില്ലാതെ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനക്കയറ്റത്തിനാണ് പഞ്ചാബില്‍ സാധ്യത. ശിരോമണി അകാലിദള്‍-ബിഎസ്പി സഖ്യം 14-17 സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ പ്രവചനം. ബിജെപി-പിഎല്‍സി സഖ്യം 1-3 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വേ സൂചിപ്പിക്കുന്നു. ആകെയുള്ള 117ല്‍ 104 സീറ്റുകളിലേക്കാണ് ആംആദ്മി പാര്‍ട്ടി മത്സരിക്കുക.