കാർഷിക നിയമങ്ങൾക്ക് എതിരായ രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി ഇന്ന് ഹരിയാനയിലേക്ക്. രാവിലെ 11ന് പട്യാലയിൽ മാധ്യമങ്ങളെ കണ്ട ശേഷമാണ് റാലി ആരംഭിക്കുക. റാലി അനുവദിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അറിയിച്ചു. അതേസമയം കിസാന് സംഘർഷ് സമിതി ഇന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൌട്ടാലയുടെ വീട് ഖരാവോ ചെയ്യും.
കാർഷിക നിയമങ്ങള്‍ക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ടാക്ടർ റാലി പഞ്ചാബില് 2 ദിവസം പിന്നിട്ട ശേഷമാണ് ഹരിയാനയിലേക്ക് കടക്കുന്നത്. പഞാബിലെ മോഗയില്‍ നിന്നും ആരംഭിച്ച റാലി ഹരിയാനയിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അറിയിച്ചു. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഖട്ടാര്‍ പറഞ്ഞു.
രാഹുലിനൊപ്പം കുറച്ച് പേരെ മാത്രം ഹരിയാനയിലേക്ക് കടക്കാന് അനുവദിച്ചേക്കും. കുരുക്ഷേത്രയിലെ കൈതല്‍, പിപ്ലി എന്നിവിടങ്ങളിലും കര്‍ണാലിലുമാണ് രാഹുല്‍ റാലികള്‍ നടത്തുക. ടാക്ടറിലെ പ്രത്യേക സീറ്റില് ഇരിക്കുന്ന രാഹുലിന്റെ ചിത്രം പങ്ക് വച്ച് പ്രൊട്ടസ്റ്റ് ടൂറിസം എന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി വിമർശിച്ചു.
അതേസമയം കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ സമിതിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ഇന്ന് ഹരിയാന ഉപ മുഖ്യമന്ത്രി ദുഷ്യന്ത് ചൌട്ടാലയുടെ വീട് ഖരാവോ ചെയ്യും. കര്‍ഷകരുടെ റെയില്‍ – റോഡ് തടയല്‍ സമരം 12 ദിവസം പിന്നിട്ടിരിക്കുകയാണ്. ചരക്ക് ട്രെയിനുകളെ കടത്തിവിടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ആവശ്യപ്പെട്ടു.