India

‘ഇന്ത്യയിൽ 3.03 കോടി യുവാക്കൾക്ക് ജോലിയില്ല’; കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി

രാജ്യത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്മ നിരക്കിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ഇന്ത്യയിൽ 3.03 കോടി യുവാക്കൾക്ക് ജോലിയില്ല. തൊഴിലില്ലായ്മ നിരക്ക് ലോക്ക്ഡൗൺ കാലയളവിനേക്കാൾ കൂടുതലാണെന്ന മാധ്യമ റിപ്പോർട്ട് പങ്കുവെച്ചായിരുന്നു രാഹുലിൻ്റെ വിമർശനം. നാല് വർഷത്തിനുള്ളിൽ രാജ്യത്തെ തൊഴിൽരഹിതരായ യുവാക്കളുടെ എണ്ണം 1.26 കോടിയായി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു.

“എന്തുകൊണ്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കാൻ നിർബന്ധിതരാവുന്നതെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഒരു അഹങ്കാരി ഇപ്പോഴും കണ്ണടച്ച് ഇരിക്കുകയാണ്” രാഹുൽ ട്വീറ്റ് ചെയ്തു. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ എൻടിപിസി സ്റ്റേജ് 1 പരീക്ഷാ ഫലത്തിലെ ക്രമക്കേടുകളിൽ വിദ്യാർത്ഥി പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് രാഹുലിൻ്റെ വിമർശനം.

ബീഹാറിൽ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ പരീക്ഷയിൽ ക്രമക്കേട് ആരോപിച്ച് വിദ്യാർത്ഥികൾ പ്രതിഷേധത്തിലാണ്. ഉദ്യോഗാർത്ഥികൾ ഉന്നയിക്കുന്ന ആശങ്കകളും സംശയങ്ങളും പരിശോധിക്കാൻ റെയിൽവേ മന്ത്രാലയം ഉന്നതാധികാര സമിതിക്കും രൂപം നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ആശങ്കകൾ സമർപ്പിക്കാൻ ഫെബ്രുവരി 16 വരെ മൂന്നാഴ്ച സമയം നൽകി. ഈ ആശങ്കകൾ പരിശോധിച്ച ശേഷം സമിതി മാർച്ച് 4 നകം ശുപാർശകൾ സമർപ്പിക്കും.

അതേസമയം റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷയിലെ വിദ്യാർത്ഥികളുടെ പ്രക്ഷോഭം കണക്കിലെടുത്ത്, ഫെബ്രുവരി 15, ഫെബ്രുവരി 23 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നോൺ-ടെക്‌നിക്കൽ പോപ്പുലർ കാറ്റഗറി (എൻടിപിസി), ലെവൽ 1 ടെസ്റ്റുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു.