India National

മഹാരാഷ്ട്ര: ലോക്‌സഭയിൽ വേറിട്ട പ്രതിഷേധവുമായി രാഹുൽ ഗാന്ധി

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതുമായി ബന്ധപ്പെട്ട അസാധാരണ സംഭവവികാസങ്ങളിൽ പ്രതിഷേധമുയർത്തി മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ലോക്‌സഭ ശൈത്യകാല സമ്മേളനത്തിൽ പങ്കെടുക്കുന്ന രാഹുൽ ചോദ്യോത്തരവേളയിലാണ് തന്റെ പ്രതിഷേധം വ്യക്തമാക്കിയത്.

ചോദ്യോത്തരവേളയിൽ എഴുന്നേറ്റുനിന്ന രാഹുൽ ഗാന്ധി ‘ഞാൻ ഇന്ന് ഇവിടെ ചോദ്യം ചോദിക്കാനാണ് എത്തിയത്. എന്നാൽ ഇന്ന് ചോദ്യം ചോദിക്കുന്നതിന് ഒരു അർത്ഥവുമില്ല. കാരണം മഹാരാഷ്ട്രയിൽ ജനാധിപത്യം കൊലചെയ്യപ്പെട്ടിരിക്കുന്നു.’ എന്നുപറഞ്ഞ് തന്റെ സീറ്റിൽ ഇരിക്കുകയായിരുന്നു. മഹാരാഷ്ട്ര വിഷയത്തിൽ സർക്കാറിനെതിരായ പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു രാഹുലിന്റെ പ്രതിഷേധം.

രാവിലെ സഭ ചേരുന്നതിനുമുമ്പ് ഇടക്കാല പ്രസിഡണ്ട് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർലമെന്റ് പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തി. ‘ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് നിർത്തുക’ എന്നെഴുതിയ ബാനറേന്തിയായിരുന്നു പ്രതിഷേധപ്രകടനം. കേരളത്തിൽനിന്നുള്ള അംഗങ്ങളടക്കം കോൺഗ്രസ് എം.പിമാർ പാർലമെന്റ് മന്ദിരത്തിലെ ഗാന്ധിപ്രതിമക്കു സമീപം ഒത്തുകൂടുകയും പ്ലക്കാർഡുകളുയർത്തി മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

ലോക്സഭയില്‍ ചോദ്യോത്തരവേളക്കിടെ പ്രതിപക്ഷ അംഗങ്ങള്‍ സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിച്ചു. മഹാരാഷ്ട്രയില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാനാവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് സി.പി.എം നോട്ടീസ് നല്‍കി.