India National

‘എന്റെ മുന്നറിയിപ്പുകൾ അവർ അസംബന്ധമെന്ന് കരുതി, ദുരന്തം പിന്നാലെ വന്നു’: രാഹുൽ ഗാന്ധി

ചൈന വിഷയത്തിലും അവർക്ക് മുന്നറിയിപ്പ് നൽകുന്നു. അതും അവർ നിരർത്ഥകമെന്നു കരുതുന്നു

കോവിഡ് പ്രതിസന്ധിയും സമ്പദ് വ്യവസ്ഥയും സംബന്ധിച്ച തന്റെ മുന്നറിയിപ്പുകൾ അവഗണിച്ച കേന്ദ്ര സർക്കാർ ദുരന്തം നേരിടുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ – ചൈന വിഷയത്തിലും സർക്കാർ താൻ പറഞ്ഞത് സർക്കാർ അവഗണിച്ചെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

‘കോവിഡും സമ്പദ് വ്യവസ്ഥയും സംബന്ധിച്ച് ഞാൻ അവർക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടേയിരുന്നു. അവരത് അസംബന്ധമായി കണ്ടു. പിന്നാലെ ദുരന്തം വന്നു. ചൈന വിഷയത്തിലും ഞാനവർക്ക് മുന്നറിയിപ്പ് നൽകുന്നു. അതും അവർ നിരർത്ഥകമെന്നു കരുതുന്നു’ – എന്നാണ് രാഹുലിന്റെ ട്വീറ്റ്.

മുന്നൊരുക്കളില്ലാതെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതും അതിഥി തൊഴിലാളികളുടെ പ്രതിസന്ധിയും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രാഹുൽ തുടക്കം മുതൽ കേന്ദ്രസർക്കാരിനെ വിമർശിച്ചിരുന്നു. കോവിഡ് കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കാം എന്നത് സംബന്ധിച്ച് രാ​ഹുൽ വിവിധ മേഖലകളിലെ വിദ​ഗ്ധരുമായി നടത്തിയ ചർച്ചയും ഏറെ ശ്രദ്ധിക്കപ്പെട്ടു.

മോദിയുടെ ശ്രദ്ധ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതിലാണെന്നും ചൈനയെ നേരിടാന്‍ വേണ്ടത് ആഗോള കാഴ്ചപ്പാടാണെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറയുകയുണ്ടായി. മാനസികമായ കരുത്തോടെ വേണം ചൈനയുമായി ഏറ്റുമുട്ടാൻ. ദീര്‍ഘവീക്ഷണമില്ലാത്തത് കൊണ്ടാണ് പല അവസരങ്ങളും നമുക്ക് നഷ്ടപ്പെട്ടത്. ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലേക്ക് മാത്രമായി നമ്മുടെ ശ്രദ്ധ ചുരുങ്ങിപ്പോകുകയാണ്. മോദിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കായാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഉപയോഗിക്കുന്നതെന്നും രാഹുൽ വിമർശിച്ചു.