India National

റഫാല്‍: കോടതിയലക്ഷ്യ ഹരജിയില്‍ നിലപാട് ആവര്‍ത്തിച്ച് രാഹുല്‍

റഫാല്‍ കേസിലെ ഉത്തരവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജിയില്‍ നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചൌകിദാര്‍ ചോര്‍ ഹെ പരാമര്‍ശം കോടതി വിധിയോട് ചേര്‍ത്തുവെച്ചതില്‍ ഖേദമുണ്ടെന്ന് രാഹുല്‍ സത്യവാങ്മൂലത്തില്‍ ആവര്‍ത്തിച്ചു. റഫാല്‍ ഇടപാട് അഴിമതിയാണെന്നും അന്വേഷിക്കേണ്ടതാണെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അതിനിടെ റഫാല്‍ പുനപരിശോധന ഹരജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സാവകാശം തേടി.

റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പുനപരിശോധന ഹരജിയും രാഹുല്‍ ഗാന്ധിക്കെതിരായ ബി.ജെ.പിയുടെ കോടതിയക്ഷ്യ ഹരജിയും സുപ്രീംകോടി നാളെ ഒരുമിച്ച് പരിഗണിക്കാനിരിക്കെയാണ് രാഹുലിന്റെ പുതിയ സത്യവാങ്മൂലവും സാവകാശം തേടിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ അപേക്ഷയും. നേരത്തെ നല്‍കിയ സത്യവാങ്മൂലത്തിലെ വാദങ്ങള്‍ ആവര്‍ത്തിക്കുകയാണ് രാഹുല്‍. റഫാല്‍ പുനപരിശോധന ഹരജി വിശദമായി കേള്‍ക്കാനുള്ള കോടതി വിധിയോട് പ്രതികരിക്കവെ ചൌകിദാര്‍ ചോര്‍ ഹെ എന്ന് കോടതിക്കും ബോധ്യപ്പെട്ടതായി രാഹുല്‍ പറഞ്ഞിരുന്നു. ഇത് തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടില്‍ പറഞ്ഞുപോയതാണെന്നാണ് പുതിയ സത്യവാങ്മൂലത്തിലും രാഹുല്‍ ബോധിപ്പിക്കുന്നത്. പരാമര്‍ശത്തില്‍ ഖേദമുണ്ട്. എന്നാല്‍ റഫാല്‍ ഇടപാട് ബി.ജെ.പി സര്‍ക്കാരിന് പങ്കുള്ള വ്യക്തമായ അഴിമതിയാണ്. അതില്‍ അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കോടതിയലക്ഷ്യ ഹരജി നിയമസംവിധാനങ്ങളെ കൊഞ്ഞനം കുത്തുന്ന ബി.ജെ.പിയുടെ രാഷ്ട്രീയക്കളിയാണെന്നും രാഹുല്‍ സത്യാവങ്മൂലത്തില്‍ പറയുന്നു.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്നും ഇവ കോടതി പരിഗണിക്കരുതെന്നുമുള്ള സര്‍ക്കാര്‍ നിലപാട് തള്ളിക്കൊണ്ടാണ് പുനപരിശോധന ഹരജികള്‍ വിശദമായി കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. വിഷയത്തില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇന്ന് കൂടുതല്‍ സമയം തേടിയിരിക്കുകയാണ് സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ പുനപരിശോധന ഹരജി കേള്‍ക്കുന്നത് വൈകിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.