India

ചൈന കൈവശപ്പെടുത്തിയ ഭൂമി ഇന്ത്യയ്ക്ക് എപ്പോൾ ലഭിക്കും? രാഹുൽ ഗാന്ധി

കേന്ദ്ര സർക്കാരിനെതിരെ വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ച് രാഹുൽ ഗാന്ധി. ചൈന കൈവശപ്പെടുത്തിയ ഭൂമി ഇന്ത്യയ്ക്ക് എപ്പോൾ ലഭിക്കുമെന്ന് രാഹുൽ കേന്ദ്രത്തോട് ചോദിച്ചു. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി തട്ടികൊണ്ട് പോയ തരോണിനെ തിരിച്ച് നൽകിയെന്നറിയുന്നത് ആശ്വാസകരമാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

“മിറാം തരോണിനെ ചൈന തിരിച്ചയച്ചുവെന്നത് ആശ്വാസകരമാണ്. ചൈന കൈവശപ്പെടുത്തിയ ഭൂമി എപ്പോൾ ഇന്ത്യയ്ക്ക് ലഭിക്കും, പ്രധാനമന്ത്രി?” രാഹുൽ ട്വീറ്റ് ചെയ്തു. നേരത്തെയും സംഭവത്തെക്കുറിച്ച് രാഹുൽ ട്വീറ്റ് ചെയ്തിരുന്നു. “ഇവിടെ ഒരു സർക്കാർ ഉണ്ടെങ്കിൽ, നിങ്ങളുടെ കടമ ചെയ്യുക. മിറാം തരോണിനെ തിരികെ കൊണ്ടുവരിക!” എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

കൗമാരക്കാരനെ കാണാതായി ഒരാഴ്ചയ്ക്ക് ശേഷമാണ് അരുണാചൽ പ്രദേശിലെ വാച-ദമൈ ഇന്ററാക്ഷൻ പോയിന്റിൽ വച്ച് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി മിരാൻ തരോണിനെ ഇന്ത്യൻ സൈന്യത്തിന് കൈമാറിയത്. “ചൈനീസ് പിഎൽഎ അരുണാചൽ പ്രദേശിലെ വാച്ച-ദാമൈ ഇന്ററാക്ഷൻ പോയിന്റിൽ വച്ച് അരുണാചൽ പ്രദേശിൽ നിന്നുള്ള മിറാം തരോണിനെ ഇന്ത്യൻ സൈന്യത്തിന് കൈമാറി. ഇന്ത്യൻ സൈന്യത്തിന് നന്ദി” എന്ന് നിയമ-നീതി മന്ത്രി കിരൺ റിജിജു ട്വിറ്ററിൽ കുറിച്ചു.