പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാശി ദൗത്യത്തെ നിശിതമായി വിമർശിച്ച് രാഹുൽ ഗാന്ധി. ഗംഗയിൽ പ്രധാനമന്ത്രി സ്നാനം ചെയ്യുന്നത് വരെ മാത്രമാണ് മാധ്യമങ്ങളിൽ വന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു . ലഖിംപൂര്‍ ഖേരി സംഭവം പാർലമെന്റിൽ ഉന്നയിക്കാൻ പോലും സർക്കാർ അനുവദിച്ചില്ല. കുത്തക വ്യവസായികളുടെ പിന്തുണയിലാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും പാർലമെന്റ് മന്ദിരം കേവലം മ്യൂസിയമായി മാറുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്നലെയാണ് വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ഉച്ചയ്ക്ക് 12 മണിക്ക് കാലഭൈരവ ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തി, ഗംഗാസ്‌നാനം ചെയ്താണ് ഇടനാഴി ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയത്. കാശിയെ തകർക്കാൻ ശ്രമിച്ചവരുടെ കാലം കഴിഞ്ഞുവെന്ന് മോദി പറഞ്ഞിരുന്നു.
കാശി വിശ്വനാഥ ക്ഷേത്രത്തെ ഗംഗാ നദിയുടെ തീരവുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ ആദ്യഘട്ടം 339 കോടി രൂപ ചിലവിട്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഗംഗാ തീരത്തുനിന്ന് 400 മീറ്റര്‍ നടന്നാല്‍ ക്ഷേത്രത്തിലെത്താം. വാരാണസി എംപി കൂടിയായ മോദി 2019 മാര്‍ച്ചില്‍ ശിലയിട്ട പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്.