തെരഞ്ഞെടുപ്പ് അവസാന ഘട്ടങ്ങളിലേക്ക് നീങ്ങുന്നതോടെ നേതാക്കള്‍ തമ്മിലെ ആരോപണ പ്രത്യാരോപണങ്ങളും രൂക്ഷമാകുകയാണ്. മോദിയുടെ ഭരണം കള്ളന്മാരുടെ രാജ്യത്തെയാണ് സൃഷ്ടിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. നാലാം ഘട്ടം പോളിങ് അവസാനിച്ചപ്പോള്‍ പ്രധാനമന്ത്രിയാവാന്‍ കാത്തിരുന്നവരെല്ലാം ഓടിയൊളിച്ചെന്ന് നരേന്ദ്ര മോദി തിരിച്ചടിച്ചു.
മധ്യപ്രദേശിലെ പ്രചാരണ റാലിയില്‍ പ്രസംഗിക്കവെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മോദിക്കെതിരെ രാഹുല്‍ ചൌകിദാര്‍ പരാമര്‍ശം ആവര്‍ത്തിച്ചത്. അനില്‍ അംബാനിയുടെ വീട്ടിനുമുന്നിലെ കാവല്‍ക്കാരനാണ് മോദി. കള്ളന്മാരുടെ ഇന്ത്യയാണ് മോദി സൃഷ്ടിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
നോട്ടുനിരോധനത്തിലും ജി.എസ്.ടിയിലും നിശ്ചലമായ രാജ്യത്തെ ചലിപ്പിക്കുന്ന ഇന്ധനമാകും ന്യായ് പദ്ധതിയെന്നും രാഹുല്‍ പറഞ്ഞു. ബിഹാറിലും ഉത്തര്‍പ്രദേശിലുമായിരുന്നു നരേന്ദ്ര മോദിയുടെ റാലി. നാല് ഘട്ടം പോളിങ് കഴിഞ്ഞപ്പോള്‍ പ്രതിപക്ഷത്തിന്റെ സ്വപ്നങ്ങളെ ജനം പിച്ചിച്ചീന്തിയെന്ന് മോദി ആരോപിച്ചു.
വാരാണസിയില്‍ മത്സരിക്കാത്തത് മറ്റ് മണ്ഡലങ്ങളില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കാനുള്ളത് കൊണ്ടാണെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ഡല്‍ഹിയിലെ ബി.ജെ.പി സ്ഥാനാര്‍ഥി ഗൌതം ഗംഭീറിന്റെ ചിത്രം പതിച്ച പരസ്യം പ്രസിദ്ധീകരിച്ചതിന് ഡല്‍ഹി മെട്രോയോട് തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരണം തേടി.
പരസ്യത്തിന് കമ്മിഷന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയതിന്റെ രേഖകള്‍ രണ്ട് ദിവസത്തിനകം ഹാജരാക്കണമെന്നും നിര്‍ദേശിച്ചു. വിദ്വേഷപ്രസംഗം നടത്തിയെന്ന പരാതിയില്‍ ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി അധ്യക്ഷന്‍ എസ്.എസ് സത്തിയോട് സൂക്ഷ്മത പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു. ഹരിയാനയിലെ ജനനായക് ജനത പാര്‍ട്ടിയിലെ സിറ്റിങ് എം.എല്‍.എയും മുന്‍ മന്ത്രിയും കോൺഗ്രസിൽ ചേർന്നു.