India

‘മിസ്റ്റര്‍ 56 ഇഞ്ചിന് ഭയം’; ഇന്ത്യ-ചൈന വിഷയത്തില്‍ രാജ്യസുരക്ഷ വിട്ടുവീഴ്ച ചെയ്യപ്പെടുന്നുവെന്ന് രാഹുല്‍ ഗാന്ധി

ഇന്ത്യ-ചൈന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് കൃത്യമായ നയമില്ലാത്തതിനാല്‍ രാജ്യസുരക്ഷ വിട്ടുവീഴ്ച ചെയ്യപ്പെടുന്നുവെന്ന് രാഹുല്‍ ഗാന്ധി എംപി. ക്ഷമിക്കാനാകാത്ത വിധം രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച സംഭവിക്കുകയാണ്. ചൈനയുമായുളള ബന്ധത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒരു നയവുമില്ല. ചൈനയുമായുള്ള അതിര്‍ത്തി വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയവും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫും വ്യത്യസ്തമായ നിലപാട് സ്വീകരിച്ചതും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

കേന്ദ്രത്തിന്റെ നിലപാടില്ലായ്മയും ‘മിസ്റ്റര്‍ 56 ഇഞ്ചിന്റെ ഭയം’ കൊണ്ടുമാണ് വിട്ടുവീഴ്ച വേണ്ടിവരുന്നത്. കേന്ദ്രസര്‍ക്കാര്‍ നുണകള്‍ പ്രചരിപ്പിക്കുമ്പോള്‍ അതിര്‍ത്തികളില്‍ ജീവന്‍ പണയപ്പെടുത്തുന്ന സൈനികരെയാണ് ഞാന്‍ ഓര്‍മിക്കുന്നത്. രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ചൈനക്കാര്‍ ഇന്ത്യന്‍ പ്രദേശത്ത് വന്ന് പുതിയ ഗ്രാമം പണിയുന്നു എന്ന വിവാദം ശരിയല്ലെന്നും യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ചൈനയുടെ ഭാഗത്താണ് ഗ്രാമങ്ങള്‍ ഉള്ളതെന്നും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് വ്യാഴാഴ്ച പറഞ്ഞിരുന്നു.