India National

കോവിഡ്, നോട്ട് നിരോധനം, ജിഎസ്ടി.. ഈ പരാജയങ്ങള്‍ ഹാര്‍വാര്‍ഡ് സ്കൂളിന്‍റെ ഭാവി പഠന വിഷയങ്ങളെന്ന് രാഹുല്‍ ഗാന്ധി

രാജ്യം കോവിഡിനെ എങ്ങനെയാണ്​ പ്രതിരോധിക്കാൻ പോകുന്നതെന്ന്​​​ സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍കാല പ്രസംഗങ്ങളും രാഹുൽ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാമതെത്തിയതിന്​ പിന്നാലെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. കോവിഡ്​ 19, നോട്ട്​നിരോധനം, ജി.എസ്​.ടി നടപ്പാക്കൽ എന്നിവ പരാജയം സംബന്ധിച്ച പഠനത്തിന് അമേരിക്കയിലെ ഹാർവാർഡ്​ ബിസിനസ്​ സ്​കൂള്‍ ഭാവിയില്‍ വിഷയമാക്കുമെന്നാണ് രാഹുലിന്‍റെ പരിഹാസം. രാജ്യം കോവിഡിനെ എങ്ങനെയാണ്​ പ്രതിരോധിക്കാൻ പോകുന്നതെന്ന്​​​ സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും രാഹുൽ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

‘മഹാഭാരത യുദ്ധം 18 ദിവസം കൊണ്ടാണ്​​ വിജയിച്ചത്​. കോവിഡിനെതിരായ യുദ്ധം ഇന്ത്യക്ക്​ 21 ദിവസം കൊണ്ട്​ വിജയിക്കാൻ കഴിയും’ എന്നാണ് മാർച്ച്​ 25ന്​ പ്രധാനമന്ത്രി ലോക്​ഡൗൺ പ്രഖ്യാപിക്കുമ്പോള്‍ പറഞ്ഞത്​. പാത്രം കൊട്ടാനും ദീപങ്ങൾ തെളിയിക്കാനുമുള്ള മോദിയുടെ ആഹ്വാനമടങ്ങിയ വീഡിയോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം കോവിഡ് ഗ്രാഫ് ഉയരുന്നതും കാണിക്കുന്നു.

മുന്നൊരുക്കമില്ലാതെ ലൌക്ക്ഡൌണ്‍ പ്രഖ്യാപിച്ചത്, അതിഥി തൊഴിലാളികളുടെ ദുരിതം എന്നിങ്ങനെ തുടക്കം മുതല്‍ രാഹുല്‍ കോവിഡ് കാലത്തെ കേന്ദ്രസര്‍ക്കാരിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ന് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമതാണ്. 24248 പേര്‍ക്ക് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു, 425 പേര്‍ മരിച്ചു. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,97,413 ആണ്. 19693 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.