India

വിദേശ യാത്ര; രാഹുല്‍ ഗാന്ധി അടുത്തയാഴ്ചയോടെ തിരിച്ചെത്തിയേക്കും

അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെ വിദേശത്ത് തുടരുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടുത്തയാഴ്ചയോടെ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ വിവിധ പാര്‍ട്ടികള്‍ തുടങ്ങിവച്ചതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ ഇറ്റലി യാത്ര. ഇതേത്തുടര്‍ന്ന് ഈ മാസം മൂന്നിന് പഞ്ചാബിലെ മോഗ ജില്ലയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കേണ്ടിയിരുന്ന റാലി മാറ്റിവച്ചിരുന്നു.

വ്യക്തിഗത ആവശ്യത്തിനായി രാഹുല്‍ ഇറ്റലിയിലേക്ക് പോയതാണെന്നും അനാവശ്യ വിവാദങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായും രാഹുല്‍ ഗാന്ധി വിദേശയാത്ര നടത്തിയിരുന്നു. സമ്മേളനം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് തിരിച്ചെത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യം കൂടിയായതിനാല്‍ രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ് വൈകാനിടയില്ല.

കോണ്‍ഗ്രസിനും ബിജെപിക്കുമുള്‍പ്പെടെ ഏറെ നിര്‍ണായകമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ പഞ്ചാബ് കോണ്‍ഗ്രസ് ഏറെ പ്രതിസന്ധിയിലാണുള്ളത്. ഇത്തവണ ചതുഷ്‌കോണ മത്സരത്തിനാണ് സംസ്ഥാനം ഒരുങ്ങുന്നത്. ഇതിനിടെ രാജ്യത്തെ കൊവിഡ് സാഹചര്യം മോശമാകുന്നത് കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് റാലികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയേക്കും. തെരഞ്ഞെടുപ്പ് റാലികള്‍ വെര്‍ച്വല്‍ ആയ് മാത്രം നടത്താന്‍ മാത്രം അനുമതി നല്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.