കോണ്‍ഗ്രസ് അധ്യക്ഷ പദം രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും രാഹുല്‍ ഗാന്ധിയെ പിന്തിരിപ്പിക്കാന് രാജ്യവ്യാപക പ്രകടനം. പി.സി.സി, ഡി.സി.സി ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രകടനങ്ങള്‍ നടത്തും. രാഹുല്‍ നിലപാട് മാറ്റുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. ജൂണ്‍ ഒന്നിന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും.
ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഉടന്‍ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. നേതാക്കള്‍ മുന്നോട്ട് വക്കുന്ന നിര്‍ദേശങ്ങളിലൊന്നും രാഹുല്‍ മനസ് തുറന്നിട്ടില്ല. കൂടിക്കാഴ്ചക്കും തയ്യാറല്ല.
ഈ സാഹചര്യത്തിലാണ് രാഹുലിനെ പിന്തിരിപ്പിക്കാന് നേതാക്കളും പ്രവര്‍ത്തകരും സമ്മര്‍ദ്ദം ശക്തമാക്കുന്നത്. ഇന്നലെ പല തവണ രാഹുലിന്റെ വസതിക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇന്ന് പി.സി.സി, ഡി.സി.സി ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രകടനങ്ങള്‍ നടത്തും. രാഹുല്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറുകയാണെങ്കില്‍ പദവികള്‍ ഒഴിയുമെന്ന നിലപാട് നിരവധി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. രാഹുലിന്റെ രാജ്യസന്നദ്ധത പല പി.സി.സികളിലെയും ആഭ്യന്തര തര്‍ക്കങ്ങള്‍ രൂക്ഷമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിസന്ധി ഉടന്‍ പരിഹരിക്കാനാകുമെന്നും രാഹുലിന്റെ മനസുമാറുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.
രാഹുല്‍ തുടരുകയാണെങ്കില്‍ പൂര്‍ണ അധികാരത്തോടെയാകണം., പ്രവര്‍ത്തക സമിതിയും പി.സി.സികളും പുനഃസംഘടിപ്പിക്കണം, സുപ്രധാന പദവികള്‍ക്ക് പ്രായ പരിധി നിശ്ചയിക്കണം, തുടങ്ങിയ ആവശ്യങ്ങളും ശക്തമാണ്. പാര്‍ട്ടിയിലേക്ക് ജനങ്ങളെ അടുപ്പിക്കാന്‍ രാഹുല്‍ പദയാത്ര നടത്തണമെന്നും അതില്‍ ദീര്‍ഘ ദൂര ട്രെയിന്‍ യാത്രയും ഉള്‍ക്കൊള്ളിക്കണമെന്നും നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.