നിയന്ത്രണരേഖയിലെ ചൈനീസ് ആക്രമണത്തിന് പിന്നിലുള്ള കാരണം കഴിഞ്ഞ ആറ് വർഷത്തിനിടെ ഇന്ത്യയുടെ വിദേശനയം, അയൽക്കാരുമായുള്ള ബന്ധം, സമ്പദ് വ്യവസ്ഥ എന്നിവയിലൂടെ ഉടലെടുത്ത പ്രശ്നമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിഡിയോയിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയ്ക്കതെിരെ അക്രമണോത്സുക പരമായി പ്രവർത്തിക്കാൻ ചൈനയെ പ്രേരിപ്പിച്ച ഘടകം എന്താണ്? ഇതിനുള്ള ആത്മവിശ്വാസം ചൈനയ്ക്ക് ആര് നൽകി? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള വിശദീകരണമാണ് രാഹുൽ ഗാന്ധി വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്.
2014 മുതലുള്ള പ്രധാനമന്ത്രിയുടെ തുടർച്ചയായ മണ്ടത്തരങ്ങളും വിവേകശൂന്യതയും അടിസ്ഥാനപരമായി ഇന്ത്യയെ ദുർബലവും ജനതയെ അരക്ഷിതരുമാക്കി. ഭൂമിശാസ്ത്രപരമായ രാഷ്ട്രതന്ത്രത്തിന്റെ ലോകത്ത് വിൺവാക്കുകൾ പര്യാപ്തമല്ലെന്നും രാഹുൽ ഗാന്ധി കുറിച്ചു.
ഒരു രാജ്യം അതിന്റെ വിദേശബന്ധങ്ങളാലും അയൽരാജ്യങ്ങളാലും സമ്പദ് വ്യവസ്ഥയാലും സംരക്ഷിക്കപ്പെടുന്നു. അവിടുത്തെ ജനങ്ങളുടെ വികാരവും കാഴ്ചപ്പാടും അതിനെ സംരക്ഷിക്കുന്നു. എന്നാൽ, കഴിഞ്ഞ ആറ് വർഷം എന്താണ് സംഭവിച്ചതെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
ഇന്ത്യക്ക് യുഎസുമായും റഷ്യയുമായും യൂറോപ്യൻ രാജ്യങ്ങളുമായും നേപ്പാളും ഭൂട്ടാനും ശ്രീലങ്കയും തന്ത്രപരമായ ബന്ധങ്ങളുണ്ടായിരുന്നു എന്നാൽ അവയൊക്കെ ഇപ്പോൾ നാമമാത്രമായിരിക്കുന്നുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.