ഇന്ത്യയുടെ അതിര്‍ത്തിയില്‍ ചൈന ഗ്രാമം നിര്‍മിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ തലകുനിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാഗ്ദാനമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
മോദിജി, 56 ഇഞ്ച് നെഞ്ചളവ് എവിടെ എന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയുടെ ചോദ്യം. ബിജെപി എംപി തപിര്‍ ഗാവോ ആണ് തര്‍ക്കഭൂമിയില്‍ ചൈന ഗ്രാമം സ്ഥാപിച്ചെന്ന് പറഞ്ഞത്. ഇക്കാര്യത്തെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ആവശ്യപ്പെട്ടു.
അരുണാചൽ പ്രദേശിലെ സുബാൻ സിരി ജില്ലയിൽ ടിസാരി ചു നദി തീരത്താണ് ചൈന നിർമാണ പ്രവർത്തങ്ങൾ നടത്തുന്നത്. എന്‍ഡിടിവിയാണ് ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്. സാറ്റലൈറ്റ് ചിത്രത്തിൽ 2019 ഓഗസ്റ്റ് മാസം യാതൊരു നിർമാണ പ്രവർത്തനങ്ങളും നടക്കാത്ത പ്രദേശം, 2020ൽ വീടുകൾ നിറഞ്ഞ ഗ്രാമമായി മാറുന്നു. 101 വീടുകളുടെ നിർമാണമാണ് പ്രദേശത്ത് നടക്കുന്നത്. കോവിഡ് പ്രതിസന്ധി നിറഞ്ഞ കഴിഞ്ഞ വർഷമാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നത്.
ബിജെപി എംപി താപിർ ഗാവോ വിശദീകരിക്കുന്നത്, ചൈന അരുണാചൽ പ്രദേശിലേക്ക് കടന്നുകയറിയിട്ടുണ്ട് എന്നാണ്. ഈ വിഷയത്തിൽ നേരിട്ടുള്ള പ്രതികരണങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടത്തിയിട്ടില്ല. കഴിഞ്ഞ വർഷം കിഴക്കൻ ലഡാക്കിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.