ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധി ഇന്ന് സന്ദർശിക്കും. എന്നാൽ, ജില്ലാഭരണകൂടം ഇരുവർക്കും പ്രവേശന വിലക്ക് ഏർപ്പെടുത്താനുളള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ എതിർപ്പ് മറികടന്ന് സംസ്‌കരിച്ചത് രാജവ്യാപകമായി പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മാത്രമല്ല, കുടുംബാംഗങ്ങളെ വീട്ടിനുളളിൽ പൂട്ടിയിട്ട ശേഷമായിരുന്നു പൊലീസ് മൃതദേഹം സംസ്‌കരിച്ചത്.
സംഭവത്തെ തുടർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഉൾപ്പടെ നിരവധി രാഷ്ട്രീയ നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
നീതി ലഭിക്കും വരെ മൃതദേഹം സംസ്‌കരിക്കില്ലെന്നും നീതി കിട്ടും വരെ കാത്തിരിക്കുമെന്നും കുടുംബാംഗങ്ങൾ നിലപാടെടുത്തതോടെ മൃതദേഹം ബുധനാഴ്ച പുലർച്ചെ 2.45 ഓടെ പൊലീസുകാർ വീടിനു സമീപം സംസ്‌കരിക്കുകയായിരുന്നു.