India National

‘രാഹുലും ഉമ്മന്‍ചാണ്ടിയും തുണച്ചു’; മൈസൂരുവില്‍ കുടുങ്ങിയ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ നാടണഞ്ഞു

ലോക്‌ഡൗണില്‍ കുടുങ്ങിയിട്ടും നാട്ടിലെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കിയില്ലെന്ന് ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍റ് ഹിയറിംഗില്‍ ചികിത്സക്ക് പോയ 89 അംഗം സംഘം ഒരുമാസത്തിന് ശേഷമാണ് ഇന്ന് കേരളത്തില്‍ തിരിച്ചെത്തിയത്. രാഹുല്‍ ഗാന്ധിയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നടത്തിയ ഇടപെടലാണ് തങ്ങള്‍ക്ക് സഹായകരമായതെന്ന് സംഘം പറഞ്ഞു.

മൈസൂരുവില്‍ കുടുങ്ങിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ കാര്യം പ്രത്യേകമായി തന്നെ പരിഗണിക്കും എന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കിയത് ഇക്കഴിഞ്ഞ ഏപ്രില്‍ 20നാണ്. സംസാര-കേള്‍വി വൈകല്യമുള്ള 38 വിദ്യാര്‍ഥികളും രക്ഷിതാക്കളും അടങ്ങുന്ന 89 അംഗ സംഘത്തെക്കുറിച്ചായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവന നടത്തിയത്. പലതവണ ശ്രമിച്ചിട്ടാണ് ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ കുടുംബം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ വിഷയം എത്തിച്ചത്. പക്ഷെ പ്രസ്താവനക്ക് അപ്പുറം കാര്യമായ നടപടികളൊന്നും മുഖ്യമന്ത്രിയില്‍ നിന്നുമുണ്ടായില്ല. സര്‍ക്കാര്‍ വാഗ്ദാനം അസ്ഥാനത്തായതോടെ ഇവര്‍ മറ്റ് വഴികള്‍ തേടി. 2 വയസ്സ് മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള ഭിന്നശേഷി വിദ്യാര്‍ത്ഥികളും 4 ഗര്‍ഭിണികളുമുള്ള സംഘം ഒടുവില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സമീപിക്കുകയായിരുന്നു. അത് അവര്‍ക്ക് സഹായത്തിനുള്ള വഴി തുറക്കുകയും ചെയ്തു.

രാഹുല്‍ ഗാന്ധിയുടെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും സഹായത്തോടെ കാലത്ത് ഏഴര മണിക്ക് 3 ബസുകളിലായി മൈസൂരില്‍ നിന്ന് തിരിച്ച സംഘം ഉച്ചക്ക് രണ്ട് മണിയോടെയാണ് മുത്തങ്ങയിലെത്തിയത്. കേരളത്തിലെ എട്ട് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് സ്വന്തം നാടുകളിലെത്താന്‍ സൌജന്യ കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആയിരുന്നു രക്ഷിതാക്കള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. അത് പക്ഷെ അനുവദിച്ചില്ല. ഈ പ്രശ്നത്തിനാണ് യൂത്ത് കോണ്‍ഗ്രസ് പരിഹാരം കണ്ടത്. 4 ബസുകളിലായി ഇവരെ സ്വന്തം നാടുകളിലേക്കയച്ചു.