മോദി ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കിയെന്ന് രാഹുൽ ഗാന്ധി. രാജ്യത്തെ അതിക്രങ്ങളില്‍ പ്രധാനമന്ത്രി മൗനം തുടരുകയാണെന്നും സാമ്പത്തിക ശാസ്ത്രം എന്താണെന്നു അറിയാത്ത പ്രധാനമന്ത്രി ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ തകർത്തുവെന്നും രാഹുൽ ഗാന്ധി രാജസ്ഥാനിൽ പറഞ്ഞു.
ശരിക്കുമുള്ള മാനദണ്ഡപ്രകാരം ഇന്ത്യയുടെ ജി.ഡി.പി വളർച്ച 2.5 ശതമാനമാണ്. എന്നാൽ ജി.ഡി.പി കണക്കാക്കാൻ പുതിയ മാനദണ്ഡം കൊണ്ടുവന്ന സർക്കാറിന്റെ കണക്കിൽ അഞ്ച് ശതമാനമാണ് വളർച്ച. യഥാർഥത്തിൽ പ്രധാനമന്ത്രിക്ക് എക്കണോമിക്സ് എന്താണെന്ന് അറിയില്ല. യു.പി.എ സർക്കാറിന്റെ കാലത്ത് ഒൻപത് ശതമാനം വളര്‍ച്ചയുള്ളിടത്താണ് ഈ അവസ്ഥയെന്നും ജയ്പൂരിലെ യുവ ആക്രോഷ് റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യയുടെ വിഖ്യാതമായ സാഹോദര്യം എന്ന പ്രതിച്ഛായക്ക് ഇന്ന് കോട്ടം സംഭവിച്ചു. മുൻപ് പാകിസ്താനെ കുറ്റപ്പെടുത്തിയിരുന്ന ആഗോള സമൂഹം ഇന്ന് ഇന്ത്യയെ നോക്കി പരിഹസിക്കുകയാണ്. ലോകത്തിന്റെ റേപ് തലസ്ഥാനമായി ഇന്ത്യ മാറി. ഇതിനെ കുറിച്ചൊന്നും പ്രധാനമന്ത്രിക്ക് വാക്കുകളില്ലെന്നും രാഹുല്‍ പറഞ്ഞു.
ചോദ്യം ചോദിക്കുന്ന യുവതയെ പ്രധാനമന്ത്രി ഭയപ്പെടുന്നു. തൊഴിലില്ലായ്മയെ കുറിച്ച് ചോദിക്കുമ്പോൾ അവർ തിരിച്ച് വെടിവെക്കുകയാണ് ചെയ്യുന്നത്. കള്ളങ്ങൾ പറഞ്ഞിരിക്കാതെ രാജ്യത്തെ സർവകലാശാലകളിൽ പോയി വിദ്യാർഥികളോട് സംസാരിക്കാൻ താൻ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.