തന്റെ ട്വിറ്റർ അക്കൗണ്ടിൽ നിയന്ത്രണങ്ങളുണ്ടെന്ന് രാഹുൽ ഗാന്ധി. മോദി സർക്കാരിന്റെ സമ്മർദ്ദം കാരണം ഫോളോവേഴ്‌സിന്റെ എണ്ണം നിജപ്പെടുത്തുന്നു. പരാതി ഉന്നയിച്ച് രാഹുൽ ഗാന്ധി ട്വിറ്റർ സിഇഓയ്ക്ക് കത്തയച്ചു.അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ഇതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
19.5 മില്യൺ ഫോളോവേഴ്‌സാണ് നിലവിൽ രാഹുൽ ഗാന്ധിക്ക് ട്വിറ്ററിൽ ഉള്ളത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നിന്ന് നാമമാത്രമായ വർധന മാത്രമാണ് ഫോളോവേഴ്‌സിൻ്റെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. അതേസമയം, ആരോപണങ്ങളിൽ വിശദീകരണവുമായി ട്വിറ്റർ രംഗത്തുവന്നു.
ഫോളോവേഴ്‌സിന്റെ എണ്ണം കൃത്യമാണെന്ന ആത്മവിശ്വാസം ഉണ്ടാകണമെന്ന് ട്വിറ്റർ വക്താവ് മറുപടിയായി പറഞ്ഞു. തിരിമറികൾക്കെതിരെ കർശന നിലപാടാണ് ട്വിറ്ററിനെന്നും വിശദീകരണത്തിൽ വ്യക്തമാക്കി.