നരേന്ദ്ര മോദി സര്‍ക്കാരിനെ താഴെ ഇറക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സത്യം കോണ്‍ഗ്രസിനൊപ്പമായിരുന്നുവെന്നും അന്തിമ വിജയം സത്യത്തിനായിരിക്കുമെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടുകളെയും രാഹുൽ ഗാന്ധി വിമര്‍ശിച്ചു.
പരസ്യപ്രചാരണത്തിന്റെ അവസാന നിമിഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരത്തിലും ശരീര ഭാഷയിലും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു രാഹുല്‍. പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും നിശിതമായി വിമര്‍ശിച്ചു. ബി.ജെ.പിക്കൊപ്പം അധികാരവും മാധ്യമങ്ങളും അടക്കം എല്ലാം ഉണ്ടായിരുന്നു. പക്ഷെ സത്യം കോണ്‍ഗ്രസിനൊപ്പമായിരുന്നു. ആര് രാജ്യം ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്നും രാഹുല്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് തിയതി തീരുമാനിച്ചത് മുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പിയെ സഹായിച്ചെന്നും രാഹുല്‍ കുറ്റപ്പെടുത്തി. വോട്ടെടുപ്പ് തിയതി നിശ്ചയിച്ചത് മുതൽ ബി.ജെ.പിയെ സഹായിച്ചു. യു.പിയിൽ കോൺഗ്രസിന്റെ പ്രഥമ ലക്ഷ്യം ബി.ജെ.പിയെ തകർക്കലാണെന്നും ബംഗാളിലും ഉത്തര്‍പ്രദേശിയിലും സഖ്യമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും ബി.ജെ.പിയെ തടയാൻ കഴിഞ്ഞെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേര്‍ത്തു.