റഫാല്‍ കേസിലെ സുപ്രധാന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. അഴിമതി പോലെ ഗുരുതരകുറ്റം നടന്നെങ്കില്‍ രാജ്യസുരക്ഷയുടെ മറവില്‍ മൂടിവെക്കുമോയെന്ന് കോടതി ചോദിച്ചു.
റഫാല്‍ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഉച്ചക്ക് ശേഷം അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായുള്ള മൂന്നംഗ ബെഞ്ചും തമ്മില്‍ കടുത്ത വാദപ്രതിവാദമാണ് നടന്നത്. അതേസമയം കേസില്‍ വാദം കേള്‍ക്കുന്നത് ഈ മാസം പതിനാലിലേക്ക് മാറ്റി.
സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഹരജിക്കാരന്‍ വാദിച്ചത്. 2ജി കേസിൽ രേഖകൾ തനിക്ക് തന്നത് അഴിമതിയെ എതിർക്കുന്ന ഉദ്യോഗസ്ഥനാണെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടതെന്നും ഹരജിക്കാരനായ അഭിഭാഷകന് പ്രശാന്ത് ഭൂഷണും കോടതിയെ അറിയിച്ചിരുന്നു.