India National

റഫാല്‍ യുദ്ധവിമാനം ഇന്ന് വ്യോമസേനയ്ക്ക് കൈമാറും

റഫാൽ യുദ്ധവിമാനം ഇന്ന് ഔദ്യോഗികമായി എയർഫോഴ്‍സിന്‍റെ ഭാഗമാവും. അംബാലയിലെ വ്യോമസേനതാവളത്തിൽ നടക്കുന്ന ചടങ്ങിൽ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി മുഖ്യാതിഥിയാവും. ചടങ്ങിനോടനുബന്ധിച്ച് അംബാല എയർബേസിന് ചുറ്റും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ജൂലൈ 27നാണ് ആദ്യബാച്ചിൽപ്പെട്ട അഞ്ച് റഫാൽ വിമാനങ്ങൾ ഫ്രാൻസിൽനിന്ന് അംബാലയിലെത്തിയത്. റഫാൽ വിമാനം അനാച്ഛാദനം, ജലപീരങ്കി അഭിവാദ്യം, പരമ്പരാഗത ‘സർവധർമ പൂജ’, റഫാൽ, തേജസ് വിമാനങ്ങളുടെ വ്യോമാഭ്യാസ പ്രകടനം, ‘സാരംങ് എയ്റോബാറ്റിക് ടീം’ നടത്തുന്ന പ്രകടനം എന്നിവ ചടങ്ങിന്‍റെ ഭാഗമായി നടക്കും.

ചടങ്ങുകൾക്ക് ശേഷം ഇന്ത്യയുടെയും ഫ്രാൻസിന്‍റെയും പ്രതിനിധി സംഘങ്ങൾ തമ്മിൽ ഉഭയകക്ഷി ചർച്ചയുമുണ്ടാവും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്, സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്ത്, എയർചീഫ് മാർഷൽ ആർ.കെ.എസ് ബദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ്‍കുമാർ, ഡോ. ജി സതീഷ് റെഡ്ഡി, മറ്റു വ്യോമ-പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥർ, ഫ്രഞ്ച് വ്യോമ സേനയിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

58,000 കോടി രൂപ ചെലവിട്ട് 36 റഫാൽ വിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യ ഫ്രാൻസുമായി കരാറൊപ്പിട്ടിട്ടുള്ളത്.