റഫാൽ ഇടപാടിലെ മോദി സര്‍ക്കാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരായ പുനഃപരിശോധന ഹരജിയിലും സുപ്രീം കോടതി ഇന്ന് വിധി പറയും. റഫാല്‍ ഇടപാട് അന്വേഷിക്കേണ്ടതില്ലെന്ന സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹരജിയില്‍ വിധി പറയുക. കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോടതി പറഞ്ഞുവെന്ന മോദിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാണിച്ചുള്ള ഹരജിയിലും ഇന്ന് വിധി പറയും.
റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്ന് 2018 ഡിസംബര്‍ 14ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് കെ കൌൾ, കെഎം ജോസഫ് എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മുന്‍ കേന്ദ്ര മന്ത്രിമാരായ അരുണ്‍ ശൂരി, യെശ്വന്ത് സിന്‍ഹ, സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍, ആം ആദ്മി പാർട്ടി എം.പി സജ്ഞയ് സിങ് എന്നിവരാണ് പുനഃപരിശോധന ഹരജിയുമായി കോടതിയെ സമീപിച്ചത്. ഹരജികളില്‍ കഴിഞ്ഞ മെയ് 10ന് വാദം പൂര്‍ത്തിയായി. ഫ്രാന്‍സിലെ ദസോ ഏവിയേഷന്‍ കമ്പനിയില്‍ നിന്ന് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കാബിനറ്റ് സെക്യൂരിറ്റി കമ്മിറ്റിയെ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതിന് തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് പുനഃപരിശോധന ആവശ്യവുമായി ഹരജിക്കാർ സുപ്രീം കോടതിയിലെത്തിയത്.
കേന്ദ്ര സര്‍ക്കാര്‍ വിവരങ്ങള്‍ മറച്ചുവെച്ചോന്നാണ് ഹരജിയിലെ ആരോപണം. രേഖകള്‍ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച് കൈവശപ്പെടുത്തിയതിനാല്‍ തെളിവായി സ്വീകരിക്കരുതെന്ന് കേന്ദ്രം കോടതിയില്‍ വാദിച്ചിരുന്നു. ഇത് സുപ്രീം കോടതി അംഗീകരിച്ചില്ല. അതേസമയം കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോടതി പറഞ്ഞുവെന്ന് മോദിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാണിച്ചുള്ള ഹരജിയിലും കോടതി ഇന്ന് വിധി പറയും. ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയാണ് ഹരജി നല്‍കിയിരുന്നത്.