ഐ.പി.എല്ലിലെ ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ് മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും തോല്‍വി വഴങ്ങി രാജസ്ഥാന് റോയല്‍സ്. ടീം തകര്‍ച്ച നേരിട്ടപ്പോള്‍ സാക്ഷാല്‍ കപ്പിത്താനായി മാറുകയായിരുന്ന താരം അവസാന ബോളിലാണ് തോല്‍വി സമ്മതിച്ചത്. പഞ്ചാബ് ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് റോയല്‍സ് നാല് റണ്‍സ് അകലെയാണ് വീണത്. തകര്‍പ്പന്‍ സെഞ്ച്വറിയുമായി സഞ്ജു സാംസണ് മുന്നില്‍ നിന്ന് നയിച്ചെങ്കിലും അവസാന ഓവര്‍ എറിഞ്ഞ അര്‍ഷ്ദീപ് സിങ് പഞ്ചാബിന്റെ രക്ഷകനാകുകയാരുന്നു. ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ തന്നെ സഞ്ജു സെഞ്ച്വറിയോടെ ടീമിനെ വിജയത്തിലേക്കെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും, അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ നിര്‍ഭാഗ്യവശാല്‍ ടീം തോല്‍വി വഴങ്ങുകയായിരുന്നു. ടീം തോറ്റെങ്കിലും ഈ ഐ.പി.എല്‍ സീസണിലെ ആദ്യ സെഞ്ച്വറിയും ഓറഞ്ച് ക്യാപ്പും രാജസ്ഥാന് നായകനായ സഞ്ജു സ്വന്തമാക്കി. ഐ.പി.എല്ലിലെ തന്റെ മൂന്നാം സെഞ്ച്വറി കൂടിയാണ് സഞ്ജു സാംസണ് സ്വന്തമാക്കിയത്. 63 പന്തില്‍ നിന്ന് ഒന്‍പത് സിക്സറുകളും 13 ബൌണ്ടറികളും ഉള്‍പ്പടെയായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്.
നേരത്തെ സ്കോര്‍ കാര്‍ഡില്‍ റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പ് തന്നെ ഓപ്പണര്‍ സ്റ്റോക്സിന്റെ വിക്കറ്റ് രാജസ്ഥാന് നഷ്ടമായി. വെടിക്കെട്ട് താരത്തിന്റെ വിക്കറ്റ് നഷ്ടപ്പെട്ടതിന്റെ ആഘാത്തില്‍ നിന്ന് ടീം കരകയറുന്നതിന് മുമ്പ് തന്നെ മറ്റൊരു ഓപ്പണറായ മനൻ വോഹ്റയുടെ വിക്കറ്റും തെറിച്ചു. ടീം സ്കോര്‍ 25ന് രണ്ട്. പിന്നീട് ഒത്തുചേര്‍ന്ന ജോസ് ബട്ലറും സഞ്ജു സാംസണും അതിവേഗം സ്കോര്‍ ഉയര്‍ത്തി ടീമിന്റെ രക്ഷകരായി.
എന്നാല്‍ റിച്ചാര്‍ഡ്സണിന്റെ പന്തില്‍ ബ്ട്ലര്‍ ക്ലീന്‍ ബൌള്ഡായതോടെ രാജസ്ഥാന് വീണ്ടും പ്രതിസന്ധിയിലായി. 13 പന്തില്‍ അഞ്ച് ബൌണ്ടറിയുള്‍പ്പടെ 25 റണ്‍സ് നേടിയാണ് ബട്ലര് പുറത്തായത്. പിന്നീടെത്തിയ ശിവം ദുബെയും സഞ്ജുവിന് മികച്ച പിന്തുണ നല്കി ടീം സ്കോര്‍ ഉയര്‍ത്തി. 15 പന്തില്‍ മൂന്ന് ബൌണ്ടറിയുള്‍പ്പടെ 23 റണ്‍സെടുത്ത ശിവം ദുബെയെ അര്‍ഷ്ദീപ് സിങാണ് പുറത്താക്കിയത്. പിന്നീടെത്തിയ റിയാന്‍ പരാഗും സഞ്ജുവുമായി മികച്ച കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല.
നേരത്തെ പഞ്ചാബിനായി അര്‍ദ്ധ ശതകം നേടി ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ തന്നെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ അവസാന ഓവറുകളില്‍ വമ്പനടിയുമായി ദീപക് ഹൂഡയും എത്തി. ആദ്യ ഓവറുകളിലെ ക്രിസ് ഗെയിലിന്റെ വെടിക്കെട്ട് കൂടി ആയതോടെ പഞ്ചാബ് 221 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യമുയര്‍ത്തി. ആറ് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് ഈ സ്കോര്‍ നേടിയത്.
14 റണ്‍സ് നേടിയ മായംഗ് അഗര്‍വാളിനെ പുറത്താക്കി ചേതന്‍ സക്കറിയ തന്റെ അരങ്ങേറ്റ വിക്കറ്റ് നേടിയപ്പോള്‍ പിന്നീട് ഒത്തുചേര്‍ന്ന ക്രിസ് ഗെയിലും രാഹുലും ചേര്‍ന്ന് രാജസ്ഥാന് ബൗളര്‍മാരെ കണക്കറ്റ് പ്രഹരിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 67 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്. ശ്രേയസ്സ് ഗോപാലിന്റെ ഓവറില്‍ സ്റ്റോക്സ് ക്യാച്ച് കൈവിടുമ്പോള്‍ വെറും 15 റണ്‍സാണ് രാഹുല്‍ നേടിയത്. റിയാന്‍ പരാഗിന്റെ ഓവറില്‍ ഗെയിലിനെ ക്യാച്ചെടുത്ത് സ്റ്റോക്സ് പുറത്താക്കുമ്പോള്‍ 28 പന്തില്‍ 40 റണ്‍സാണ് കരീബിയന്‍ താരം നേടിയത്. നിക്കോളസ് പൂരന് പകരം ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിച്ച ദീപക് ഹൂഡ പിന്നീട് തലങ്ങും വിലങ്ങും രാജസ്ഥാന് ബൌളര്‍മാരെ തല്ലുന്ന കാഴ്ചയാണ് കണ്ടത്. 20 പന്തില്‍ നിന്ന് ആറ് സിക്സുകള്‍ ഉള്‍പ്പടെയാണ് ഹൂഡ അര്‍ദ്ധ ശതകം തികച്ചത്. ഹൂഡയും രാഹുലും ചേര്‍ന്ന് 47 പന്തില്‍ 105 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ നേടിയത്. 28 പന്തില്‍ 64 റണ്‍സാണ് ഹൂഡ നേടിയത്.