India

പഞ്ചാബ്; കൃഷിയും കര്‍ഷകരും സമരങ്ങളും

പഞ്ചനദികളുടെ നാട് ജനവിധിയെഴുതാനൊരുങ്ങുമ്പോള്‍ അത് ചരിത്രത്തിന്റെ കൂടി ഭാഗമാണ്. രാജ്യം കണ്ട ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭത്തിനുശേഷമുള്ള തെരഞ്ഞെടുപ്പാണ് പഞ്ചാബിലടക്കം അഞ്ചുസംസ്ഥാനങ്ങളില്‍ അടുത്ത മാസം നടക്കാനിരിക്കുന്നത്. വിവാദമായ കാര്‍ഷിക നിയമങ്ങളും അത് സൃഷ്ടിച്ച സമരങ്ങളും അടിച്ചമര്‍ത്തലുകളുമാണ് പഞ്ചാബില്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ മുഖ്യമായും പ്രതിഫലിക്കുക. (punjab farmers)

പഞ്ചാബിന്റെ സമ്പദ് ഘടനയുടെ ഭൂരിഭാഗവും കൃഷിയില്‍ നിന്നും ചെറുകിട- ഇടത്തരം വ്യവസായങ്ങളില്‍ നിന്നുമാണ്. അതുകൊണ്ടുതന്നെ കര്‍ഷകരുടെ രാഷ്ട്രീയം പഞ്ചാബിന് അതിപ്രാധാന്യമുള്ളതാണ്. ഖാരിഫ് മാര്‍ക്കറ്റിങ് സീസണിലെ (2021-22) കര്‍ഷകരില്‍ നിന്ന് ഏറ്റവും കൂടുതല്‍ (1,86,85,532 മെട്രിക് ടണ്‍ ) നെല്ല് സംഭരിച്ചത് പഞ്ചാബിലാണെന്നാണ് റിപ്പോര്‍ട്ട്. സമാനതകളില്ലാതെ മാസങ്ങളോളം കൊടിയ തണുപ്പിനെ ഭേദിച്ച് കൊണ്ടാണ് പഞ്ചാബിലെ അതിര്‍ത്തികളില്‍ കര്‍ഷകര്‍ വിവാദ ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ചത്. ഫിറോസ്പൂരിലെ റാലി പോലും പ്രധാനമന്ത്രിക്ക് പൂര്‍ത്തിയാക്കാനാകാതെ മടങ്ങേണ്ടിവന്നതാകട്ടെ, കര്‍ഷകരുടെ പ്രതിഷേധത്തിന്റെ ചെറിയ മുഖം മാത്രം.

22ഓളം കര്‍ഷക സംഘടനകള്‍ പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുമ്പോള്‍ ഇതുവരെ കാണാത്ത രാഷ്ട്രീയ സംഭവ വികാസങ്ങള്‍ക്കാണ് പഞ്ചാബ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.സംയുക്ത കിസാന്‍ മോര്‍ച്ച പോലെ സംയുക്ത് സമാജ് മോര്‍ച്ച എന്ന പേരിലാകും ഇവരുടെ പ്രവര്‍ത്തനം. മുതിര്‍ന്ന കര്‍ഷക നേതാവ് ബാല്‍ബിര്‍ സിംഗ് രജേവാള്‍ ആണ് സംയുക്ത് സമാജ് മോര്‍ച്ചയെ മുന്നില്‍ നിന്ന് നയിക്കുന്നത്. 117 സീറ്റുകളിലേക്കും മത്സരിക്കാനാണ് ഇവരുടെ നീക്കം.

2020 സെപ്തംബറിലാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ എന്ന് വരും ദിവസങ്ങളില്‍ രാജ്യം മുദ്രകുത്തിയ നിയമങ്ങളോടുള്ള പ്രതിഷേധം അവ റദ്ദാക്കുന്നത് വരെ സമവായമില്ലാതെ നീണ്ടു. ഭരണകക്ഷിയായ കോണ്‍ഗ്രസും പഞ്ചാബില്‍ സുവര്‍ണ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന ആംആദ്മി പാര്‍ട്ടിയും കാര്‍ഷിക നിയമങ്ങള്‍ ഉയര്‍ത്തി ഇത്തവണ തെരഞ്ഞെടുപ്പില്‍ അണിനിരക്കും. പരസ്പരം പോരടിച്ചും മറുകണ്ടം ചാടിയും സംസ്ഥാന കോണ്‍ഗ്രസിന്റെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചത് സര്‍ക്കാരിന് തിരിച്ചടിയാകും.

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നും മിനിമം താങ്ങുവില കര്‍ഷകരുടെ വിളകള്‍ക്ക് ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നടത്തിയ സമരങ്ങളില്‍ 35 കര്‍ഷക സംഘടനകളാണ് രാജ്യത്തുടനീളം അണിനിരന്നത്. ഇതില്‍ 22 സംഘടനകളാണ് പുതിയ പാര്‍ട്ടിക്കൊപ്പമുള്ളത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഈയാഴ്ച തന്നെയുണ്ടാകും. തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ കര്‍ഷകര്‍ മാത്രമല്ല, സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരാകുമെന്ന് ബാല്‍ബിര്‍ സിംഗ് രജേവാള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

2017ല്‍ ശിരോമണി അകാലിദള്‍ സര്‍ക്കാരിനെ താഴെയിറക്കിയാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പഞ്ചാബിലെ ഭരണം പിടിച്ചെടുത്തത്. എന്നാല്‍ കാലാവധി അവസാനിക്കും മുന്‍പേ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സിദ്ദുവുമായുള്ള തുറന്ന പോരും അമരീന്ദറിന്റെയും പാര്‍ട്ടിയുടെയും വിധിയെഴുതി.