രാജ്യത്ത് കാര്‍ഷിക നിയമത്തിനെതിരെ പ്രക്ഷോഭം തുടരുന്നു. ഒക്ടോബർ 2 വരെ ട്രെയിന്‍ തടയല്‍ തുടരുമെന്ന് പഞ്ചാബ് കിസാന്‍ മസ്ദൂർ സംഘ് അറിയിച്ചു. നിയമത്തിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഉടന്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും.
കാർഷിക ബില്ലുകള്‍ പാർലമെന്റില്‍ അവതരിപ്പിച്ചത് മുതല്‍ 26 വരെയാണ് കർഷകർ പ്രതിഷേധവും ട്രെയിന്‍ തടയലും പ്രഖ്യാപിച്ചിരുന്നത്. പിന്നീട് പാർലമെന്റിലെ സംഭവ വികാസങ്ങളെ തുടർന്ന് പ്രതിഷേധം ഇന്ന് വരെ നീട്ടി. ഇനിയുള്ള സമരം എങ്ങനെയാകണം എന്ന കൂടിയാലോചനകളിലാണ് കർഷക സംഘടനകള്‍. കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കണമെന്നാണ് കർഷകരുടെ ആവശ്യം. ജലഝറടക്കം അഞ്ച് ഇടങ്ങളില്‍ തുടരുന്ന ട്രെയിന്‍ തടയല്‍ ഒക്ടോബർ 2 വരെ തുടരുമെന്ന് പഞ്ചാബ് കിസാന്‍ മസ്ദൂർ സംഘ് അറിയിച്ചു.
ഗാന്ധിജയന്തി ദിനത്തില്‍ ശക്തമായ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം. കോണ്‍ഗ്രസ് അന്നേ ദിവസം കർഷകദിനമായി ആചരിക്കും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഉടന്‍ സുപ്രീംകോടതിയില്‍ ബില്ലിനെതിരെ ഹരജി നല്‍കും. ഇന്നലെ ടി എന്‍ പ്രതാപന് എംപി ഹരജി നല്‍കിയിരുന്നു.
അതേസമയം ഇന്ത്യാ ഗേറ്റില്‍ ട്രാക്ടർ കത്തിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ ഇതുവരെ 6 പേരെ അറസ്റ്റ് ചെയ്യുകയും 2 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.