India

ഓർമയിൽ പുൽവാമ; ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമയിൽ രാജ്യം…

നമ്മുടെ രാജ്യം ഒരിക്കലും മറക്കാത്ത, മറക്കാൻ കഴിയാത്ത ദിവസമാണ് ഇന്ന്. രാജ്യത്തെ ഞെട്ടിച്ച പുൽവാമ ഭീകരാക്രമമണത്തിന് മൂന്നാണ്ട് തികയുന്നു. 2019 ഫെബ്രുവരി 14 നു ഉച്ചയ്‌ക്കായിരുന്നു രാജ്യത്തെ നടുക്കിക്കൊണ്ട് കശ്‌മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം നടന്നത്. നമ്മുടെ 49 ജവാന്മാരാണ് അന്ന് വീരമൃത്യു വരിച്ചത്. അന്ന് ഉച്ചയ്ക്ക് ദേശീയ പാതയിലുണ്ടായ ഈ ആക്രമണം രാജ്യ സുരക്ഷയ്ക്ക് നേരെയുണ്ടായ ഏറ്റവും വലിയ വെല്ലുവിളിയായാണ് രാജ്യം കണക്കാക്കുന്നത്.

ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് 2547 സിആര്‍പിഎഫ് ജവാന്‍മാര്‍ 78 ബസുകളിലായി നീങ്ങുകയായിരുന്നു. അവന്തിപ്പോരക്കടുത്ത് എത്തിയതോടെ സ്ഫോടക വസ്തുക്കള്‍ നിറച്ച വാന്‍ വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറി. ഉഗ്രസ്ഫോടനത്തില്‍ ചിന്നിച്ചിതറിയ ബസിലെ 40 ജവാന്‍മാര്‍ തല്‍ക്ഷണം മരിച്ചു. വീരമൃത്യു വരിച്ച ജവാന്മാരില്‍ വയനാട് ലക്കിടി സ്വദേശി വി വി വസന്തകുമാറും ഉണ്ടായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. പുല്‍വാമ കാകപോറ സ്വദേശി ആദില്‍ അഹമ്മദായിരുന്നു ചാവേര്‍. 100കിലോ ഗ്രാം സ്ഫോടക വസ്തുക്കളാണ് വാനില്‍ ഉണ്ടായിരുന്നത്.

മുക്കാൽ മണിക്കൂറിനകം ഒപ്പം ഉള്ളവർ കത്തിയമരാൻ പോകുന്നു എന്നറിയാത്ത യാത്രയായിരുന്നു അത്. രാജ്യത്തിനേറ്റ ഈ മുറിവിന് ആക്രമണം നടന്നതിന് പന്ത്രണ്ടാം ദിനം രാജ്യം മറുപടി നൽകി. ഫെബ്രുവരി 26 ന് ബാലക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് താവളം ബോംബിട്ട് തകർത്തു ഇന്ത്യൻ വ്യോമസേന. ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര തീവ്രവാദിയായി മെയ് ഒന്നിന് പ്രഖ്യാപിക്കുന്നത് വരെ ഇന്ത്യ പാകിസ്താന് എതിരെയുള്ള നയതന്ത്ര തലത്തിലെ പ്രതിഷേധവും തുടർന്നു. പിന്നീടങ്ങോട്ട് അന്താരാഷ്ട്ര വേദികളില്ലെല്ലാം നാം കാണുന്നത് പാക് മണ്ണിൽ വളരുന്ന ഭീകരതയ്‌ക്കെതിരെയുള്ള നമ്മുടെ രാജ്യത്തിൻറെ പോരാട്ടമാണ്. പുൽവാമ ആക്രമണം നമുക്ക് മരണമില്ലാത്ത ഓർമയാണ്.

നമ്മുടെ രാജ്യസുരക്ഷയ്ക്ക് നേരെ കൃത്യമായി പദ്ധതിയിട്ട് നടത്തിയ ആക്രമണം. ആക്രമണത്തിൽ പൊലിഞ്ഞ നമ്മുടെ ജവാന്മാരുടെ വിലപ്പെട്ട ജീവൻ, അതാണ് ഇന്നും നമ്മുടെ രാജ്യത്തെ രാജ്യത്തെ അസ്വസ്ഥമാക്കുന്നത്. ആ ധീര രക്തസാക്ഷികൾക്ക് രാജ്യത്തിന്റെ സല്യൂട്ട്.