India National

പുല്‍വാമ: മുഖ്യ സൂത്രധാരനെ വധിച്ചു; നാല് സൈനികര്‍ക്ക് വീരമൃത്യു

പുല്‍വാമ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനെ ഇന്ത്യന്‍ സൈന്യം വധിച്ചതായി സൂചന. ഇന്നലെ രാത്രി തുടങ്ങിയ ഏറ്റുമുട്ടലില്‍ ഒരു മേജര്‍ ഉള്‍പ്പെടെ നാല് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടു. അതിനിടെ ഭീകരാക്രണത്തിന് ശേഷമുള്ള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഇന്ത്യയിലെ ഹൈക്കമ്മിഷണറെ പാകിസ്താന്‍ വിളിപ്പിച്ചു.

പുല്‍വാമയില്‍ ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലിലാണ് പാകിസ്താന്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കമാന്റര്‍ അബ്ദുല്‍ റഷീദ് ഖാസി കൊല്ലപ്പെട്ടത്. സംഘടനയിലെ സ്ഫോടന വിദഗ്ധനാണ് കംറാന്‍ എന്നറിയപ്പെടുന്ന റഷീദ് ഖാസി. ഫെബ്രുവരി 14ന് പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട കാര്‍ ബോംബ് ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം ഇയാളാണെന്നാണ് കരുതുന്നത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് പുല്‍വാമയിലെ പിന്‍ഗ്‌ലാന്‍ മേഖലയില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍ തുടങ്ങിയത്.

ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശം വളഞ്ഞ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതില്‍ ഒരു മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചു. ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട രൂക്ഷമായ ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്. ഖാസിയെക്കൂടാതെ മറ്റൊരു ഭീകരന്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് കൂടുതല്‍ ഭീകരരുണ്ടാകാമെന്ന നിഗമനത്തില്‍ സൈന്യം തെരച്ചില്‍ തുടരുകയാണ്.

ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ രൂപപ്പെട്ട നയതന്ത്ര പ്രതിസന്ധി ചര്‍ച്ച ചെയ്യാനാണ് ഇന്ത്യയിലെ ഹൈക്കമ്മിഷണറായ സൊഹൈല്‍ മഹ്മൂദിനെ പാകിസ്താന്‍ വിളിപ്പിച്ചിരിക്കുന്നത്. ഭീകരന്‍ മസൂദ് അസ്ഹറിനെ സംരക്ഷിക്കുകയും ജയ്ഷെ മുഹമ്മദുള്‍പ്പെടെ ഭീകരസംഘടനകള്‍ക്ക് താവളമൊരുക്കുകയും ചെയ്യുന്ന പാകിസ്താന്റെ സൌഹൃദ രാഷ്ട്ര പദവി ഇന്ത്യ റദ്ദാക്കിയിരുന്നു.