പുതുച്ചേരിയിലെ അധികാര തര്‍ക്കത്തില്‍ മുഖ്യമന്ത്രി വി. നാരയാണസ്വാമിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച ക്യാബിനറ്റ് തീരുമാനങ്ങള്‍ ജൂണ്‍ 21 വരെ നടപ്പാക്കരുതെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ ഹരജിയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ഉത്തരവ്.
പുതുച്ചേരിയിലെ സര്‍ക്കാരിന്‍റെ ദൈന്യംദിന കാര്യങ്ങളില്‍ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ ഇടപെടരുതെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്താണ് കിരണ്‍ ബേദി സുപ്രീംകോടതിയെ സമീപിച്ചത്. തുടര്‍ന്ന് സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച മുമ്പത്തെ ക്യാബിനറ്റ് തീരുമാനങ്ങള്‍ നടപ്പാക്കരുതെന്ന് പുതുച്ചേരി സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ജഡ്ജിമാരായ ഇന്ദു മല്‍ഹോത്ര, എം.ആര്‍ ഷാ എന്നിവരാണ് ഇത് സംബന്ധിച്ച് വിധി പുറപ്പെടുവിച്ചത്. ഹരജിയില്‍ മുഖ്യമന്ത്രി വി.നാരയണസ്വാമിക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു. ജൂണ്‍ 21നുള്ളില്‍ മുഖ്യമന്ത്രി മറുപടി നല്‍കണമെന്നാണ് ആവശ്യം. മദ്രാസ് ഹൈക്കോടതി വിധിക്ക് മുമ്പുള്ള സ്ഥിതി തുടരാന്‍ അനുവദിക്കണമെന്നും ഹരജിയില്‍ കിരണ്‍ ബേദി ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും കക്ഷിയാണ്. പുതുച്ചേരിയില്‍ മറ്റൊരു സര്‍ക്കാരായി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ ബേദി പ്രവര്‍ത്തിക്കുയാണെന്ന ആക്ഷേപമുയര്‍ത്തിയാണ് നേരത്തെ കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മിനാരായാണന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്