സമരങ്ങളുടെ പേരില്‍ പൊതുസ്ഥലങ്ങള്‍ അനിശ്ചിതമായി കൈവശപ്പെടുത്താനാകില്ലെന്ന വിധി ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ പുനഃപരിശോധനാഹര്‍ജി. ഷഹീന് ബാഗ് പ്രക്ഷോഭകരാണ് ഹര്‍ജി സമര്‍പ്പിച്ചത്. വിയോജിപ്പെന്ന ആശയത്തെ വിധി അസ്വസ്ഥപ്പെടുത്തുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
പ്രതിഷേധ സമരങ്ങള്‍ പൊതുസ്ഥലങ്ങള്‍ കൈവശപ്പെടുത്തിയാകരുതെന്നായിരുന്നു സുപ്രിംകോടതി വിധി. ഷഹീന് ബാഗ് സമരം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും കോടതി നിരീക്ഷിച്ചിരുന്നു.
സമാധാനമായി സമരം നടക്കുന്നവര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ പൊലീസിന് അനുവാദം നടത്തുന്ന രീതിയിലാണ് ഉത്തരവിന്റെ ഭാഷയെന്ന് ഹര്‍ജിയില്‍ പറയുന്നു. അധികാരികള്‍ ഉത്തരവിനെ ദുരുപയോഗം ചെയ്യുമെന്ന് ഭയക്കുന്നുവെന്നും പരാതിക്കാര്‍ പറയുന്നു. സമാധാനപരമായ സമരങ്ങള്‍ മാത്രമാണ് ജനാധിപത്യത്തില്‍ വിയോജിപ്പ് രേഖപ്പെടുത്താനുള്ള വഴി, ആ അവകാശം ഹനിക്കുന്ന രീതിയിലാണ് ഉത്തരവെന്നും ഹര്‍ജിയില്‍.