India National

ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഡല്‍ഹിയിലും പരിസരപ്രദേശത്തും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം പരിസ്ഥിതി മലിനീകരണ അതോറിറ്റിയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ദീപാവലിക്കു ശേഷം ഡല്‍ഹിയിലും പരിസരപ്രദേശത്തും വായു മലിനീകരണത്തിന്റെ തോത് വര്‍ധിച്ചതിനു പിന്നാലെയായിരുന്നു സുപ്രീം കോടതി നടപടി.

ഈ മാസം 5 വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിട്ടുണ്ട്. ശൈത്യകാലത്ത് പടക്കങ്ങള്‍ പൊട്ടിക്കുന്നത് പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോരിറ്റി നിരോധിച്ചു.

വ്യാഴാഴ്ചയോടെയാണ് ഡല്‍ഹിയിലെ വായു മലിനീകരണം അതിരൂക്ഷമായതെന്ന് പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോരിറ്റി ചെയര്‍പേഴ്‌സന്‍ വ്യക്തമാക്കുന്നു. ഇത് കുട്ടികളിലുള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ചെയര്‍പേഴ്‌സന്‍ വ്യക്തമാക്കിയിരിക്കുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ചൊവ്വാഴ്ച വരെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഡല്‍ഹി ഗ്യാസ് ചേമ്പറായെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പറഞ്ഞു. ഡല്‍ഹിയുടെ ഈ അവസ്ഥയില്‍ അയല്‍ സംസ്ഥാനങ്ങളെ അദ്ദേഹം കുറ്റപ്പെടുത്തി. വായുമലിനീകരണം അതിരൂക്ഷമായതിനെ തുടര്‍ന്ന് സ്‌കൂളുകളില്‍ 50 ലക്ഷം മാസ്‌കുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തിരുന്നു.

വായു നിലവാര സൂചിക ക്യൂബിക് 426 ആണ്. മനുഷ്യന് സ്ഥാപിക്കാവുന്ന നിലവാരം 200 ആണ്. ഇന്ത്യ ഗേറ്റ് പരിസരത്താണ് ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണം. നോയിഡ, ഗസിയാബാദ് എന്നിവിടങ്ങളിലും അന്തരീക്ഷ മലിനീകരണം രൂക്ഷമാണ്.